Cricket

വിജയത്തുടക്കവുമായി ഇന്ത്യന്‍ വനിതകള്‍

പുരുഷ ടീമിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ വനിതകള്‍. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ജയം സ്വന്തമാക്കുകയായിരുന്നു. സ്മൃതി മന്ഥാന(84), മിത്താലി രാജ്(45) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മത്സരത്തില്‍ നിലയുറപ്പിക്കുവാന്‍ ആതിഥേയര്‍ക്ക് കഴിയാതെ പോയി. 57/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക പിന്നീട് മത്സരത്തില്‍ കരകയറാനാകാതെ ബുദ്ധിമുട്ടി.

43.2 ഓവറില്‍ 125 റണ്‍സിനു ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്ക് 88 റണ്‍സിന്റെ മികച്ച ജയം സ്വന്തമാക്കാനായി. 41 റണ്‍സ് നേടി ഡേന്‍ വാന്‍ നീകെര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറര്‍ ആയി. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി നാലും ശിഖ പാണ്ഡേ മൂന്നും വിക്കറ്റ് വീഴ്ത്തി. പൂനം യാദവ് രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial