മത്സരത്തിന്റെ ഏറ്റവും അവസാന നിമിഷം മാർക്കസ് ജോസഫ് നേടിയ ഗോളിൽ ഐസാളിനെതിരെ ആവേശ സമനില പിടിച്ച് മുഹമ്മദൻസ് എഫ്സി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ നാടകീയ നിമിഷങ്ങളിലൂടെ കടന്ന് പോയ ശേഷം ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചു പോയിന്റ് പങ്കു വെക്കുകയായിരുന്നു. മാർക്കസ് ജോസഫ്, കിസെക്ക എന്നിവർ ടീമുകൾക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. ഇതോടെ ഐസാൾ ഏഴാം സ്ഥാനത്തും മുഹമ്മദൻ ഒൻപതാമതും ആണ് പോയിന്റ് പട്ടികയിൽ.
ഇരു ടീമുകൾക്കും കൃത്യമായ മുൻത്തൂക്കം ഇല്ലാതെയാണ് ആദ്യ നിമിഷങ്ങൾ കടന്ന് പോയത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ കിസെക്കക് ലഭിച്ച അവസരം കീപ്പറുടെ കൈകളിൽ അവസാനിച്ചു. മുപ്പതിരണ്ടാം മിനിറ്റിൽ ഐസാളിന്റെ ഗോൾ എത്തി. തർപ്വിയയുടെ ക്രോസിൽ തല വെച്ച് കിസെക്ക ടീമിന് ലീഡ് നൽകി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാർക്കസ് ജോസഫ് മുഹമ്മദൻസിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഐസാൾ ലീഡ് തിരിച്ചു പിടിച്ചു. അൻപതിമൂന്നാം മിനിറ്റിൽ കിസെക്ക തന്നെയാണ് വീണ്ടും ഐസാളിന് വേണ്ടി വല കുലുക്കിയത്. മത്സരം ഐസാൾ നേടുമെന്ന് ഉറപ്പിച്ച നിമിഷമാണ് മത്സരത്തിലെ അവസാന ടച്ചിൽ മാർക്കസ് ജോസഫ് സമനില ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ പന്ത്രണ്ടാം മിനിറ്റിൽ മുർസയെവിന്റെ ഫ്രീക്കിൽ നിന്നാണ് ഐസാളിന്റെ നെഞ്ചകം പിളർത്തിയ ഗോൾ മുന്നേറ്റ താരം നേടിയത്.