വിജയം തുടരണം, ഗോകുലം കേരള ഇന്ന് ഐസാളിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിലെ മൂന്നാം മത്സരത്തിൽ ഗോകുലം കേരള എഫ് സി ഇന്ന് ഐസാൾ എഫ് സിയെ നേരിടും. മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം. വൺ സ്പോർട്സ് ചാനലിലും 24 ന്യൂസിലും മത്സരം തത്സമയസംപ്രേഷണം ചെയ്യുന്നതായിരിക്കും.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ് സിക്ക് എതിരെ നേടിയ ഉജ്ജ്വലമായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മിസോറാമിൽ നിന്നുള്ള ടീമിനെ ഗോകുലം നേരിടുക. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം ഉജ്ജ്വലമായ മടങ്ങിവരവിൽ 4 -3 എന്ന സ്ക്കോറിലായിരുന്നു ഗോകുലത്തിന്റെ ജയം.

ഘാനയിൽ നിന്നുമുള്ള മുന്നേറ്റനിരതാരങ്ങൾ ഡെന്നിസ് അന്ടവിയിലും ഫിലിപ് അഡ്ജായിലുമാണ് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിന്റെ
രണ്ടാം പകുതിയിൽ ഇറങ്ങിയ ജിതിനും സോഡിങ്‌ലിയാനയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

രണ്ടു മത്സരത്തിൽ നിന്നും അന്ടവി മൂന്ന് ഗോൾ നേടിയപ്പോൾ, അഡ്‌ജ ഒരു ഗോളും ഒരു അസിസ്റ്റുമായി മിന്നുന്ന ഫോമിലാണ്.

ഐ ലീഗിൽ ഒരിക്കൽപോലും ഐസാൾ എഫ് സിയെ പരാജയപ്പെടുത്താൻ ഗോകുലത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ ടീം പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന പ്രതീക്ഷയാണ് ഗോകുലത്തിന്റെ മുഖ്യ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അനീസ് പങ്കുവച്ചത്.
ടീം കഴിഞ്ഞ രണ്ടു കളിയിൽ നിന്ന് അഞ്ചു ഗോളുകൾ വഴങ്ങിയിരുന്നു.

“പ്രതിരോധത്തിൽ നമ്മൾ മെച്ചപ്പെടാനുണ്ട്. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കുക എന്നതാണ് എന്റെ രീതി. നല്ല മുന്നേറ്റനിരയാണ് നമ്മൾക്കുള്ളത്. അത് കൊണ്ട് തന്നെ കളിക്കാർ എല്ലാവരും ആത്മവിശ്വാസത്തിലാണ്,”
ഗോകുലം പരിശീലകൻ അനീസ് പറഞ്ഞു.

രണ്ടു മത്സരത്തിൽ നിന്നും മൂന്ന് പോയിന്റുമായി ഗോകുലം ഇപ്പോൾ ആറാം സ്ഥാനത്താണുള്ളത്.

ഐസാൾ എഫ് സിക്ക് ഇത് ലീഗിലെ രണ്ടാം മത്സരമാണ്. ആദ്യ മത്സരത്തിൽ മിസോറാമിൽ നിന്നുള്ള ടീം പഞ്ചാബ് എഫ് സിയോട് ഒരു ഗോളിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഐസാൾ പരിശീലകൻ സ്റ്റാൻലി റൊസാരിയോയുമായ് ക്ലബ് കരാർ അവസാനപിച്ചത്. അതിനാൽ പുതിയ പരിശീലകന് യാൻ ലീയുടെ കീഴിലാവും
മിസോ ടീം ഗോകുലത്തെ നേരിടുക.

ഐസാളിനെതിരെ ഗോകുലത്തിന്റെ പ്രതിരോധം പ്രതീക്ഷയ്ക്കൊത്ത് ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോകുലം പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അനീസ് കൂട്ടിച്ചേർത്തു.