സൂപ്പർ കപ്പ് ബഹിഷ്കരിച്ചതിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡെറേഷൻ ഐ ലീഗ് ക്ലബ്ബുകൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ്. ഇതേ തുടർന്ന് എ ഐ എഫ് എഫ് നടപടിയുമായി മുന്നോട് പോകുന്നതിന് മുൻപായി കത്തയച്ചിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.
ഇന്ത്യൻ ഫുട്ബോളിന് ഈസ്റ്റ് ബംഗാൾ നൽകിയ സംഭാവനകളെ AIFF മറക്കരുതെന്നും ശിക്ഷാ നടപടി ഉണ്ടാവുന്നതിന് മുൻപായി ഈസ്റ്റ് ബംഗാളിന്റെ ഫുട്ബോൾ പാരമ്പര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ക്ലബ്ബ് കത്തയച്ചു. ഐ ലിഗ് ക്ലബ്ബുകൾക്കെതിരെയുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അവഗണനയ്ക്കെതിരായാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും അടക്കമുള്ള ഐ ലീഗ് ക്ലബ്ബുകൾ സൂപ്പർ കപ്പ് ബഹിഷ്കരിച്ചത്.
ഐ ലീഗിനെ രണ്ടാം തരം ലീഗായി തരം താഴ്ത്താനുള്ള നീക്കം നടക്കുന്നതായും ഐ ലീഗ് ക്ലബ്ബുകൾ ആരോപിച്ചിരുന്നു. ബംഗാൾ ക്ലബ്ബുകൾക്ക് പുറമേ മിനർവ പഞ്ചാബ്, ഗോകുലം കേരള എഫ്സി, ഐസൊൾ ഏഫ്സി എന്നിവരും സൂപ്പർ കപ്പ് ബഹിഷ്കരിച്ചിരുന്നു.
ബഹിഷ്കരണത്തിന് ശേഷമാണ് ഐ ലീഗ് ക്ലബ്ബുകളോട് ചർച്ച നടത്താൻ പോലും AIFF തയ്യാറായത്. 1920 ലാണ് ഈസ്റ്റ് ബംഗാൾ രൂപീകരിക്കുന്നത്. ഒട്ടേറെ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളെ സംഭാവന ചെയ്ത ഈസ്റ്റ് ബംഗാളിന്റെ ആവശ്യം AIFF നിരസിക്കില്ല എന്നു വേണം കരുതാൻ.