ബാഴ്‌സലോണ അവരുടെ ഹോം ഗ്രൗണ്ടായ സ്‌പോട്ടിഫൈ കാമ്പ് നൗവിലേക്ക് ഓഗസ്റ്റിൽ മടങ്ങിയെത്താനുള്ള പദ്ധതികൾ ഔദ്യോഗികമായി റദ്ദാക്കി. നിയന്ത്രണപരമായ തടസ്സങ്ങളാണ് ഇതിന് കാരണമായി ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നത്. ഭാഗികമായി പുതുക്കിയ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 10-ന് ഇറ്റാലിയൻ ക്ലബ്ബായ കോമോയുമായി ഒരു സൗഹൃദ മത്സരം നടത്തി സ്റ്റേഡിയം തുറക്കാനായിരുന്നു ക്ലബ്ബ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, നിർമ്മാണത്തിന്റെ വ്യാപ്തി കാരണം ആവശ്യമായ ‘ഫസ്റ്റ് ഒക്യുപ്പൻസി ലൈസൻസ്’ നേടുന്നതിൽ അവർ പരാജയപ്പെട്ടു.
ക്ലബ്ബ് ഒരു പ്രസ്താവനയിൽ ഇങ്ങനെ വിശദീകരിച്ചു:
“നടന്നുകൊണ്ടിരിക്കുന്ന ജോലിയുടെ വ്യാപ്തി കാരണം, ഫസ്റ്റ് ഒക്യുപ്പൻസി ലൈസൻസ് നൽകുന്നതിനുള്ള എല്ലാ നിബന്ധനകളും പാലിക്കാൻ സാധിക്കാതെ വന്നു. സ്‌പോട്ടിഫൈ കാമ്പ് നൗവ് ഭാഗികമായി തുറക്കാൻ ക്ലബ്ബിന് താൽപ്പര്യമുണ്ടായിരുന്നിട്ടും ഇത് സാധ്യമല്ലായിരുന്നു.” ക്ലബ് അറിയിച്ചു.
സൗഹൃദ മത്സരം ബാർസയുടെ പരിശീലന ഗ്രൗണ്ടിന് അടുത്തുള്ള ജോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ തന്നെ നടക്കും.
കാമ്പ് നൗവ് വീണ്ടും തുറക്കുന്നതിനുള്ള പുതിയ ലക്ഷ്യം സെപ്റ്റംബർ 13 അല്ലെങ്കിൽ 14-ന് വലൻസിയക്കെതിരായ ലാ ലിഗ മത്സരമാണ്. എന്നാൽ ഈ തീയതിയും ഉറപ്പ് നൽകാൻ ക്ലബ്ബ് തയ്യാറായിട്ടില്ല. 2025/26 സീസണിലെ ബാഴ്‌സലോണയുടെ ആദ്യ മൂന്ന് ലീഗ് മത്സരങ്ങൾ എവേ ഗ്രൗണ്ടുകളിലായിരിക്കും നടക്കുക.














