താൻ പരിശീലക സ്ഥാനത്ത് നിന്ന് വിരമിക്കുന്നത് ബാഴ്‌സലോണയിൽ വെച്ച് ആയിരിക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. താൻ പരിശീലകനായി ജീവിതം ആരംഭിച്ച ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മസിയയിൽ പരിശീലിപ്പിച്ച് തന്റെ പരിശീലക വേഷം അഴിച്ചുവെക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗ്വാർഡിയോള വ്യക്തമാക്കി.
2007ലാണ് ഗ്വാർഡിയോള ബാഴ്‌സലോണയുടെ അക്കാദമിയിൽ പരിശീലകനായത്. അതിനു ശേഷമാണു ഗ്വാർഡിയോള ബാഴ്‌സലോണ ടീമിനെ പരിശീലകനായതും ബാഴ്‌സലോണയുടെ ചരിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ടീമിനെ പരിശീലിപ്പിച്ചതും. ഗ്വാർഡിയോളക്ക് കീഴിൽ ബാഴ്‌സലോണ മൂന്ന് ലാ ലീഗ കിരീടങ്ങൾ, രണ്ട് ചാമ്പ്യൻസ് ലീഗ്, രണ്ടു ക്ലബ് ലോകകപ്പ് എന്നിവ നാല് വർഷത്തിനുള്ളിൽ നേടിയിരുന്നു.
നേരത്തെ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവുന്നതിനെ പറ്റി ചോദിച്ചപ്പോൾ അതിനു സാധ്യത കുറവാണെന്ന് ഗ്വാർഡിയോള പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനത്തിന് മാറ്റം വരുന്ന തരത്തിലാണ് ഇപ്പോഴത്തെ ഗ്വാർഡിയോളയുടെ പ്രസ്താവന.