കോപ്പ ഡെൽ റേ പ്രീ-ക്വാർട്ടറിൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഡിപോർട്ടീവോ ലാ കൊരൂണയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ 61-ാം മിനിറ്റിൽ സൂപ്പർ താരം ആന്റോയ്ൻ ഗ്രീസ്മാൻ നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും അത്ലറ്റിക്കോ മുന്നിട്ടുനിന്നെങ്കിലും ഡിപോർട്ടീവോയുടെ ശക്തമായ പ്രതിരോധം മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ആദ്യ പകുതിയിൽ ഗ്രീസ്മാന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും നേടാനാകാത്തതും അടുത്തിടെ സ്പാനിഷ് സൂപ്പർ കപ്പ് സെമിയിൽ റയൽ മാഡ്രിഡിനോട് തോറ്റതും അത്ലറ്റിക്കോയെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഈ വിജയം ഡീഗോ സിമിയോണിക്കും സംഘത്തിനും വലിയ ആശ്വാസമാണ് നൽകുന്നത്.









