കോഴിക്കോട്: ഐ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിന്റെ ഹോം മത്സരത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കാൻ വേണ്ടിയാണ് മലബാറിയൻസ് ഇന്ന് സ്വന്തം തട്ടകത്തിൽ റിയൽ കശ്മീർ എഫ്.സിയെ നേരിടുന്നത്. അവസാന മത്സരത്തിൽ മികവ് കാട്ടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മായിരുന്നു ഗോകുലത്തിന് തിരിച്ചടിയായത്. കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ ഗോകുലം കേരളക്ക് ഇന്ന് ജയിക്കണം.
നവംബറിൽ റിയൽ കശ്മീരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന എവേ മത്സരത്തിൽ 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചിരുന്നു. അതിനാൽ ഇന്ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഗോകുലം ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. അവസാന മത്സരത്തിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ മലബാറിയൻസ് ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച ജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
13 മത്സരത്തിൽ നിന്ന് 19 പോയിന്റുള്ള ടീം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്ന് ജയിക്കുകയാണെങ്കിൽ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്താൻ ഗോകുലത്തിന് കഴിഞ്ഞു.