ഇന്ന് സ്വപ്ന ഫൈനൽ, ഡ്യൂറണ്ട് കപ്പ് ഉയർത്താൻ ഗോകുലം ഇന്ന് ബഗാനെതിരെ

- Advertisement -

കേരളത്തിലെ ക്ലബുകൾക്ക് ദേശീയ തലത്തിൽ വളരെ കുറച്ച് കിരീടങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. 1997ൽ എഫ് സി കൊച്ചിൻ ഡ്യൂറണ്ട് കപ്പ് ഉയർത്തിയ ശേഷം പ്രധാന കിരീടങ്ങൾ ഒന്നും കേരള പ്രൊഫഷണൽ ക്ലബുകൾ നേടിയിട്ടില്ല. ഇന്ന് ആ വലിയ കാത്തിരിപ്പിന് ഇന്ന് അവസാനമാകും എന്നാണ് കേരള ഫുട്ബോൾ പ്രേമികൾ കരുതുന്നത്. ഇന്ന് ഡ്യൂറണ്ട് കപ്പ് ഫൈനലിൽ ഗോകുലം കേരള എഫ് സി ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ മോഹൻ ബഗാനെ ആണ് നേരിടുക.

സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചായിരുന്നു ഗോകുലം ഫൈനലിലേക്ക് എത്തിയത്. സെമിയിൽ ഗോൾകീപ്പർ ഉബൈദ് ആയിഫരുന്നു ഹീറോ ആയത് എങ്കിലും ഗോകുലത്തിന്റെ പ്രതീക്ഷകൾ കൂടുത ക്യാപ്റ്റൻ മാർക്കസ് ജോസഫിലാണ്. സെമി അടക്കം നാലു മത്സരങ്ങളിൽ നിന്നായി 9 ഗോളുകളാണ് ജോസഫ് ഇതുവരെ നേടിയിട്ടുള്ളത്. അറ്റാക്കിൽ ഹെൻറി കിസേകയും ഗോകുലത്തിന് കരുത്താവാൻ ഉണ്ട്.

പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്ത ബ്രൂണോ പെല്ലിശേരി ഇന്നും രണ്ടാം പകുതിയിൽ മാത്രമേ കളത്തിൽ ഇറങ്ങാൻ സാധ്യതയുള്ളൂ. റിയൽ കാശ്മീരിനെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഫൈനലിൽ എത്തിയത്. മലയാളി താരമായ വി പി സുഹൈറിന്റെ ഇരട്ട ഗോളുകൾ ആയിരുന്നു ബഗാനെ സെമിയിൽ രക്ഷിച്ചത്. മുൻ ഗോകുലം കേരള എഫ് സി താരം കൂടിയാണ് സുഹൈർ.

ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

Advertisement