ഗോകുലവും, പത്തരമാറ്റ് ‘ഗോൾഡൻ’ ബേബി ലീഗും

Sreenadh Madhukumar

Picsart 23 05 05 15 21 54 042
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്ടെ കുട്ടി പ്രതിഭകളുടെ കളിവിളയാട്ടത്തിനു തിരശീലവീണു. ഗോകുലം ഗോൾഡൻ ബേബി ലീഗ് രണ്ടാം സീസണിന് ഏപ്രിൽ 30 ഞായറാഴ്ച്ചയോടെ വിരാമം. ഏപ്രിൽ 1 മുതൽ 30 വരെ നീണ്ട ലീഗിൽ, അണ്ടർ 8, അണ്ടർ 10, അണ്ടർ 12 എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നിരുന്നു. ജിങ്ക, സോക്കർ സിറ്റി, ഗ്രാൻഡ് സോക്കർ എന്നീ മൂന്നു ടർഫുകളിൽ, ആറു പിച്ചുകളിലായി നടന്ന പ്രസ്തുത ടൂർണമെന്റിൽ അണ്ടർ 8 വിഭാഗത്തിൽ കേരള ഫുട്‌ബോൾ ട്രെയിനിങ് സെന്ററും, അണ്ടർ 10 വിഭാഗത്തിൽ ലാ മാസിയായും, അണ്ടർ 12 വിഭാഗത്തിൽ പന്തീരാങ്കാവ് ഫുട്‌ബോൾ ട്രെയിനിങ് സെന്ററും ജേതാക്കളായി.

Picsart 23 05 01 22 09 26 578

കോവിഡ് കാരണം നിറുത്തിവച്ച ഗോകുലം ഗോൾഡൻ ബേബി ലീഗ്, രണ്ടു വർഷങ്ങൾക്ക് ശേഷം ഈ സീസണിൽ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രോജക്റ്റായ ഗോൾഡൻ ബേബി ലീഗ്, കോഴിക്കോട് ആസ്ഥാനമായ ഗോകുലം കേരള എഫ് സിയാണ് ഏറ്റെടുത്തു നടത്തിയത്. 12 ദിവസങ്ങളിൽ മൂന്നു വിഭാഗങ്ങളിലായി എട്ടു വീതം ടീമുകൾ ലീഗിൽ പങ്കെടുത്തു. 24 ടീമുകൾ ഉൾപ്പെട്ട ഈ ടൂർണമെന്റിൽ ഓരോ ക്യാറ്റഗറികളിലും 84 മത്സരങ്ങൾ വീതം ആകെ 252 മത്സരങ്ങൾ മികവോടെ നടത്തപ്പെട്ടു. ഓരോ ടീമുകൾക്കും കൃത്യം 21 മത്സരങ്ങൾ കളിക്കാനുള്ള അവസരവും ഇതോടെ ഒരുങ്ങി. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ഫുട്‌ബോളിലെ രീതികളും പ്രൊഫഷണാലിസവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോജക്റ്റ്, 296 കുട്ടി പ്രതിഭകൾക്ക് കളിക്കാൻ അവസരമൊരുക്കി.

Picsart 23 05 01 22 10 51 309

അണ്ടർ 8, അണ്ടർ 10, അണ്ടർ 12 എന്നീ വിഭാഗങ്ങളിൽ ആൺ-പെൺ താരങ്ങളെ സംയോജിപ്പിച്ചാണ് ടൂർണമെന്റിന്റെ നടത്തിപ്പ്. പെൺകുട്ടികൾ മാത്രം ഉൾപ്പെട്ട ടീമുകളും ലീഗിൽ പങ്കെടുത്തിരുന്നു. കുട്ടികളുടെ കൃത്യമായ “കളിപഠനം” എന്ന സുപ്രധാന ആശയം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ ലീഗിൽ, മിതപ്പെടുത്തിയ-എന്നാൽ സാധാരണ ഫുട്‌ബോൾ കളിയോട് ചേർന്നു നിൽക്കുന്ന നിയമങ്ങളാണ് നടപ്പാക്കിയത്. അതിനായി സജ്ജരായ റഫറിമാരും കളിയദ്ധ്യാപകരും സദാസമയവും ടൂർണമെന്റ് ഏരിയയിൽ സന്നിഹിതരായിരുന്നു. ജയിച്ച ടീമുകൾക്ക് ഓരോ കളിയിലും മൂന്നു പോയിന്റുകളും, സമനിലയിൽ അവസാനിച്ച മത്സരങ്ങളിലെ ടീമുകൾക്ക് രണ്ടു പോയിന്റുകൾ വീതവും നൽകപ്പെട്ടു എന്നതിനൊപ്പം, സാധാരണയിൽ നിന്നും വ്യത്യസ്തമായി, തോൽവി വഴങ്ങിയ ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകപ്പെട്ടു. കളത്തിലിറങ്ങിയ എല്ലാവരും ഓരോ പോയിന്റുകൾ കരസ്ഥമാക്കിയാണ് മടങ്ങിയത് എന്നു സാരം. ഇതിലൂടെ ആരും ഫുട്‌ബോളിൽ തോൽക്കുന്നില്ല എന്ന വലിയ പാഠം കുട്ടികളിലേയ്ക്ക് എത്തിക്കുകയാണ് ലീഗ് സംഘാടകരും പ്രോജക്റ്റ് ഡിസൈനേഴ്സും.

ഗോകുലം Wa0026

നന്നായി കളിക്കുന്ന കുട്ടികൾക്ക് പ്രചോദനം നൽകാനായി ഓരോ ആഴ്ചയിലും പ്ലേയർ ഓഫ് ദി വീക്ക് പുരസ്‌കാരങ്ങളും സമ്മാനിക്കപ്പെട്ടിരുന്നു. ഗോകുലം കേരള എഫ് സി സീനിയർ പുരുഷ-വനിതാ താരങ്ങളും, കേരള സ്റ്റേറ്റ് ലീഗ് കമന്റേറ്ററും, പരിശീലകരും, ഗോകുലം കേരള എഫ് സി ഓഫീസ് സ്റ്റാഫുകളുമടക്കമുള്ള വിശിഷ്ട്ടതിഥികൾ കുട്ടിപ്രതിഭകൾക്കു സമ്മാനങ്ങളും പ്രോത്സാഹനവും നൽകി. ഗോകുലം കേരള എഫ് സി ഒഫീഷ്യൽ അസ്‌ലം ഷാഫി, ടൂർണമെന്റ് കോർഡിനേറ്റർമാരായ ജിതിൻ പ്രകാശ്, മിഥുൻ എ എന്നിവരുടെ കഠിന പരിശ്രമങ്ങൾക്കൊപ്പം അക്ഷയ്, ഇവാൻ, മുബീൻ, അമൽരാജ്, ജുനൈസ്, ആദിൽ, ക്രിസ്റ്റി എന്നിവർ കൂടി കൈകോർത്തു ഗോൾഡൻ ബേബി ലീഗ് മികച്ച വിജയത്തിലേയ്ക്ക് എത്തിച്ചു.

Img 20230505 Wa0031

ഏപ്രിൽ മുപ്പതാം തീയതി കോഴിക്കോട് ഗ്രാൻഡ് സോക്കറിൽ വച്ചു നടന്ന സമാപന സമ്മേളനത്തിൽ ഗോകുലം കേരള എഫ് സി-സി ഈ ഓ ഡോക്ടർ അശോക് കുമാർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. ഗോകുലം കേരള താരങ്ങളായ തൻമയ് ഘോഷ്, ദിലീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.