കൊച്ചി, മെയ് 03, 2025; രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ബിസിനസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. കായിക വിദ്യാഭ്യാസ രംഗത്തെ ജിഐഎസ്ബിയുടെ അനുഭവ പരിചയവും, ഇന്ത്യയിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ഇക്കോസിസ്റ്റത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ള ആഴത്തിലുള്ള വൈദഗ്ധ്യവും സംയോജിപ്പിച്ചുകൊണ്ട് പുതു തലമുറ സ്‌പോര്‍ട്‌സ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുവാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി നേരിട്ടുള്ള അനുഭവ പരിചയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ വിവിധ മേഖലകളില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതിനായി ക്ലബ് പ്രധാന പങ്ക് വഹിക്കും.
കളിക്കളത്തിലെ പ്രതിഭയില്‍ മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും നിക്ഷേപം ആവശ്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിശ്വസിക്കുന്നു. വരും തലമുറ സ്‌പോര്‍ട്‌സ് പ്രൊഫഷണലുകളെ വളര്‍ത്തിക്കൊണ്ടുവരുവാനാണ് ജിഐഎസ്ബിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഒരുമിച്ച് കൂടുതല്‍ പുരോഗമനപരവും, നൂതനവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഫുട്‌ബോള്‍ ഭാവിയ്ക്കായി ഞങ്ങള്‍ അടിത്തറയിടുകയാണ് – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ജിഐഎസ്ബി വിദ്യാര്‍ത്ഥികള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രൊജക്ടുകളില്‍ ഭാഗമാകുവാനും ക്ലബിന്റെ പ്രൊഫഷണലുകളില്‍ നിന്നും മെന്റര്‍ഷിപ്പ് ലഭിക്കുവാനും അവസരമുണ്ടാകും. ഒപ്പം ക്ലബില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭിക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ആരാധകര്‍ക്കും ജിഐഎസ്ബിയുടെ പങ്കാളിത്തത്തില്‍ വികസിപ്പിച്ചെടുത്തതും കേരള ബ്ലാസ്റ്റേഴ്‌സിന്റെ അനുഭവ സമ്പത്തിന്റെ പിന്തുണയുള്ളതുമായ പ്രത്യേകം ക്യുറേറ്റ് ചെയ്ത ലേര്‍ണിംഗ് പ്രോഗ്രമുകളുടെ ഭാഗമാകുവാനും സാധിക്കും. രാജ്യത്തെ കായിക വിദ്യാഭ്യാസത്തിന്റെ മുന്‍നിരയിലേക്ക് പ്രായോഗിക, ഇന്‍ഡസ്ട്രി കേന്ദ്രീകൃത പഠനം ഈ പ്രോഗ്രാമുകളിലൂടെ കൊണ്ടുവന്നേക്കും.
ഇന്ത്യന്‍ കായിക മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം. ജിഐഎസ്ബിയുടെ അക്കാദമിക മികവും ഒപ്പം ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ക്ലബുകളിലൊന്നിന്റെ അനുഭവ സമ്പത്തും ഒരുമിച്ച് ചേരുന്നതിലൂടെ, ഭാവിയിലെ കായിക പ്രൊഫഷണലുകളെ – പ്രത്യേകിച്ച് കേരള ഫുട്‌ബോള്‍ ആരാധകരില്‍ നിന്നും വളര്‍ന്നുവരുന്നവരെ, ആവശ്യമായ അവസരങ്ങള്‍ നല്‍കിക്കൊണ്ട് വരും തലമുറയിലെ മാനേജര്‍മാരും ലീഡേഴ്സുമാകാന്‍ സജ്ജരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- ജിഐഎസ്ബിയുടെ ചാന്‍സലര്‍ ഗൗരവ് മോഡ്വെല്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ അര്‍പ്പണബോധമുള്ള ഫുട്‌ബോള്‍ ആരാധകരുള്ള കേരളത്തിലെ ആരാധക അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പങ്കാളിത്തം. കൃത്യമായി തയ്യാറാക്കിയ പഠന പദ്ധതികള്‍, ആരാധക കേന്ദ്രീകൃത പ്രോഗ്രാമുകള്‍, ഡിജിറ്റല്‍ എജുക്കഷന്‍ തുടങ്ങിയവയിലൂടെ കായിക പഠനം ആരാധകര്‍ക്കരികിലേക്കെത്തിക്കുകയാണ് ജിഐഎസ്ബിയും കേരള ബ്ലാസ്റ്റേഴ്‌സും. ഇതിലൂടെ ആരാധകര്‍ക്ക് ക്ലബിന്റെ പിന്നണിയിലുള്ള പ്രധാന റോളുകളിലേക്കെത്താനുള്ള പുതിയ വഴികള്‍ തുറക്കുകയാണ്.
സ്‌പോര്‍ട്‌സിനോടുള്ള താത്പര്യം കാരണം അതൊരു കരിയറാക്കിയെടുക്കുവാന്‍ ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്. ഈ പങ്കാളിത്തം അതിനുള്ള വലിയൊരു അവസരമാണ് ഒരുക്കുന്നത്. മാര്‍ക്കറ്റിംഗ്, ആരാധക ഇടപെടല്‍ മുതല്‍ അനലിറ്റിക്‌സ്, ക്ലബ് പ്രവര്‍ത്തനങ്ങള്‍ വരെ, ഉന്നത ഫുട്‌ബോള്‍ ക്ലബുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് മനസ്സിലാക്കുവാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.