ജനീവയിൽ നടന്ന യുവേഫ വനിതാ യൂറോ 2025 ക്വാർട്ടർ ഫൈനലിൽ നോർവേയെ 2-1 ന് തോൽപ്പിച്ച് ഇറ്റലി സെമിഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ രണ്ട് ഗോളുകളും നേടിയത് ക്രിസ്റ്റ്യാന ഗിരെല്ലിയാണ്. അവസാന നിമിഷം നേടിയ വിജയഗോൾ ഇറ്റലിക്ക് ചരിത്രപരമായ നേട്ടമാണ് സമ്മാനിച്ചത്. 1997-ൽ റണ്ണേഴ്സ് അപ്പായതിന് ശേഷം ആദ്യമായാണ് ഇറ്റലി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ എത്തുന്നത്.

യുവന്റസ് ഫോർവേഡായ ഗിരെല്ലി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇറ്റലിയുടെ ആദ്യ ഗോൾ നേടി. സോഫിയ കാന്റോറിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് ഗിരെല്ലി വിജയഗോൾ നേടിയത്. ഈ രണ്ട് ഗോളുകളോടെ ഗിരെല്ലിയുടെ അന്താരാഷ്ട്ര ഗോൾ നേട്ടം 61 ആയി ഉയർന്നു.
അഡ ഹെഗർബെർഗ്, കരോളിൻ ഗ്രഹാം ഹാൻസൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ഉണ്ടായിട്ടും നോർവേയ്ക്ക് നിരാശയായിരുന്നു ഫലം. 66-ാം മിനിറ്റിൽ ഹെഗർബെർഗ് ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷം സമനില ഗോൾ നേടിയെങ്കിലും അത് ടീമിനെ രക്ഷിക്കാൻ പര്യാപ്തമായിരുന്നില്ല. ഒരു കാലത്ത് വനിതാ ഫുട്ബോളിൽ ആധിപത്യം പുലർത്തിയിരുന്നതും ലോകകപ്പ്, യൂറോ, ഒളിമ്പിക്സ് കിരീടങ്ങൾ നേടിയവരുമായ നോർവേയ്ക്ക് യൂറോ 2013 ന് ശേഷം ഒരു പ്രധാന ടൂർണമെന്റിന്റെയും സെമിഫൈനലിൽ എത്താനായിട്ടില്ല.
മത്സരത്തിലുടനീളം ഇറ്റലിയായിരുന്നു മികച്ച ടീം. എന്നാൽ ആദ്യ പകുതിയിൽ ഫിനിഷിംഗിൽ അവർക്ക് പിഴവുകൾ സംഭവിച്ചു. അരിയാന കാരുസോ, എമ്മ സെവെറിനി, ഗിരെല്ലി എന്നിവർക്ക് നിരവധി അവസരങ്ങൾ നഷ്ടമായി. ഹെഗർബെർഗിന്റെ പെനാൽറ്റി നഷ്ടവും അതിനുപിന്നാലെ നേടിയ ഗോളും ഇറ്റലിക്ക് ഭീഷണിയായെങ്കിലും ഗിരെല്ലിയുടെ അവസാന നിമിഷത്തെ മികവ് ഇറ്റലിയുടെ സെമി ഉറപ്പാക്കി.
സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയോ സ്വീഡനെയോ ആയിരിക്കും അസൂറി നേരിടുക.