വനിതാ യൂറോ 2025 കാമ്പയിന് വിജയത്തുടക്കമിട്ട് ജർമ്മനി. സെന്റ് ഗാലനിൽ വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ടിനെ 2-0 ന് തോൽപ്പിച്ചാണ് ജർമ്മനി മുന്നേറിയത്. രണ്ടാം പകുതിയിൽ ജൂലെ ബ്രാൻഡ്, ലീ ഷൂളർ എന്നിവരുടെ ഗോളുകളാണ് ജർമ്മനിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ എട്ട് തവണ ചാമ്പ്യൻമാരായ ജർമ്മനി ഗോൾ വ്യത്യാസത്തിൽ സ്വീഡന് മുന്നിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

വിജയം നേടിയെങ്കിലും, മത്സരത്തിl ജർമ്മനിക്ക് അവരുടെ സ്ഥിരം താളം കണ്ടെത്താൻ കഴിഞ്ഞില്ല. ടീം ക്യാപ്റ്റൻ ജൂലിയ ഗ്വിന്നിന് പരിക്കേറ്റതും ജർമ്മനിക്ക് തിരിച്ചടിയായി.
51-ാം മിനിറ്റിൽ ജൂലെ ബ്രാൻഡാണ് ജർമ്മനിക്കായി ആദ്യ ഗോൾ നേടിയത്. പത്ത് മിനിറ്റിന് ശേഷം ബ്രാൻഡിന്റെ മികച്ച ക്രോസിൽ നിന്ന് ഷൂളർ ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ച പോളണ്ട് മികച്ച പോരാട്ടവീര്യം കാണിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അവരുടെ പ്രധാന സ്ട്രൈക്കറായ ഇവാ പാജോർ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. അവരുടെ ഒരു ഷോട്ട് ആൻ-കാട്രിൻ ബെർഗർ തടുക്കുകയും ഒരു ഹെഡർ ലക്ഷ്യം തെറ്റുകയും ചെയ്തു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വീഡൻ ഡെൻമാർക്കിനെ 1-0 ന് തോൽപ്പിച്ചു. 55-ാം മിനിറ്റിൽ ഫിലിപ്പ ആഞ്ചൽഡാൽ നേടിയ ഗോളാണ് സ്വീഡന് വിജയം സമ്മാനിച്ചത്.