ഗോളടിച്ച് എതിരാളികളെ നാണംകെടുത്തുക എന്നത് ജർമ്മനിയുടെ സ്ഥിരം ശൈലിയാണ്. ഇന്ന് ലാത്വിയയും ജർമ്മൻ അറ്റാക്കിന്റെ കരുത്തറിഞ്ഞു. യൂറോ കപ്പിനു മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ ലാത്വിയയെ നേരിട്ട ജർമ്മനി ഏഴു ഗോളുകളാണ് സൗഹൃദം മറന്ന് എതിരാളികളുടെ വലയിലേക്ക് കയറ്റിയത്. ജർമ്മനിക്കായി അറ്റാക്കിൽ ഇറങ്ങിയവരെല്ലാം ഇന്ന് ഗോൾ നേടി. ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ വിജയം.
ആദ്യ പകുതിയിൽ തന്നെ ജർമ്മനി അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 19ആം മിനുറ്റിൽ ഗോസൻസ് ആണ് ജർമ്മൻ ഗോൾവേട്ട ആരംഭിച്ചത്. പിറകെ 21ആം മിനുട്ടിൽ ഗുണ്ടോഗനും 27ആം മിനുട്ടിൽ മുള്ളറും ഗോൾ കണ്ടെത്തി. ഒരു സെൽഫ് ഗോളും പിന്നെ ഗ്നാബറിയുടെ ഗോളും കൂടെ ആയതോടെ ജർമ്മനി 45 മിനുറ്റിൽ 5-0ന് മുന്നിൽ. രണ്ടാം പകുതിയിൽ വെർണറും സാനെയും സബ്ബായി എത്തി. ഇരുവരും ഗോളും നേടി. സവെലെസ്വ് ആണ് ലാത്വിയക്കായി ഗോൾ നേടിയത്. ഈ ഗോൾ ജർമ്മൻ ജേഴ്സിയിൽ നൂറാം മത്സരത്തിന് ഇറങ്ങിയ നൂയറിന്റെ ക്ലീൻ ഷീറ്റ് നഷ്ടപ്പെടുത്തി. ഇനി ജൂൺ 15ന് യൂറോ കപ്പിൽ ഫ്രാൻസിന് എതിരെയാണ് ജർമ്മനിയുടെ കളി.