ലെവർകൂസൻ ജർമ്മൻ കപ്പ് ഫൈനലിൽ

ജർമ്മൻ കപ്പായ ഡി എഫ് ബി പൊകാലിലെ ഫൈനലിലേക്ക് ബയേർ ലെവർകൂസൻ കടന്നു. ഇന്നലെ നടന്ന സെമി ഫൈനലിൽ സാർ ബ്രക്കനെ പരാജയപ്പെടുത്തിയാണ് ലെവർകൂസൻ ഫൈനലിലേക്ക് കടന്നത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലെവർകൂസന്റെ വിജയം. മത്സരത്തിന്റെ ആദ്യ 19 മിനുട്ടുകളിൽ തന്നെ ലെവർകൂസൻ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

11ആം മിനുട്ടിൽ ഡിയാബിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 19ആം മിനുട്ടിൽ അലാരിയോ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ബെല്ലാരബി മൂന്നാം ഗോളും നേടി. മൂന്നു ഗോളിനും അസിസ്റ്റ് ഒരുക്കിയത് ദെമിർബേ ആയിരുന്നു. 2009ന് ശേഷം ആദ്യമായാണ് ലെവർകൂസൻ ജർമ്മൻ കപ്പ് ഫൈനലിൽ എത്തുന്നത്. ഫ്രാങ്ക്ഫർടും ബയേർണും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ആകും ലെവർകൂസൻ ഫൈനലിൽ നേരിടുക.