പരിശീലകനായി സാവിക്ക് രണ്ടാം കിരീടം

ബാഴ്സലോണ ഇതിഹാസതാരം സാവിക്ക് പരിശീലകനായി രണ്ടാം കിരീടം. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായി സാവി ഖത്തർ കപ്പാണ് സ്വന്തമാക്കിയത്. ഇന്ന് ഖത്തർ കപ്പിനായി നടന്ന മത്സരത്തിൽ അൽ ദുഹൈലിനെ നേരിട്ട അൽ സാദ് എതിരില്ലാത്ത നാലു ഗോളിന്റെ വിജയമാണ് നേടിയത്. നേരത്തെ ഖത്തർ സൂപ്പറ്റ് കപ്പിലും അൽ ദുഹൈലിനെ തോൽപ്പിച്ച് സാവി കിരീടം നേടിയിരുന്നു. ഫുട്ബോളിൽ നിന്ന് വിരമിച്ച സാവി താൻ കളിച്ച അൽ സാദിന്റെ തന്നെ പരിശീലകനായി കഴിഞ്ഞ സീസൺ അവസാനത്തോടെ ചുമതലയേറ്റിരുന്നു.

ബാഴ്സലോണയുടെ ക്ഷണം നിരസിച്ചാണ് ഇപ്പോൾ സാവി അൽ സാദിൽ തുടരുന്നത്. ഈ കിരീടത്തിൽ സന്തോഷമുണ്ട് എന്ന് സാവി പറഞ്ഞു. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന അൻഹു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം മൂന്ന് കിരീടങ്ങൾ നേടിയാണ് സാവി വിരമിച്ചത്. ഖത്തർ ലോകകപ്പ് കഴിയുന്നത് വരെ സാവി ഖത്തറിൽ തുടരണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.