ഗാരത് ബെയിൽ വിരമിച്ചു

Nihal Basheer

Picsart 23 01 09 21 14 30 408
Download the Fanport app now!
Appstore Badge
Google Play Badge 1

വെയിൽസ് താരം ഗാരത് ബെയ്ൽ പ്രൊഫഷണൽ കരിയറിനോട് വിട പറഞ്ഞു. ഇന്ന് തികച്ചും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച വിരമിക്കൽ കുറിപ്പിൽ ദേശിയ ടീമിൽ നിന്നും ക്ലബ്ബ് ഫുട്ബോളിൽ നിന്നും താൻ പിൻവാങ്ങുന്നതായി താരം പ്രഖ്യാപിച്ചു. മുപ്പതിമൂന്നു വയസ് മാത്രം പ്രായമുള്ള ബെയ്ൽ, വളരെ ചിന്തിച്ചെടുത്ത തീരുമാനം ആണിതെന്നും കുറിച്ചു.

Bale Ramsey

നിലവിൽ ലോസ് അഞ്ചലസ് എഫ്സിക്കായി പന്തുതട്ടിക്കൊണ്ടിരുന്ന താരം സതാംപടണിന്റെ യൂത്ത് ടീമുകളിലൂടെയാണ് വളർന്നത്. പ്രൊഫഷണൽ കരിയറിന്റെ തുടക്കവും അവിടെ തന്നെ ആയിരുന്നു. അണ്ടർ 17 മുതൽ വെയിൽസ് ദേശിയ ടീമിനെയും പ്രതിനിധീകരിക്കുന്നുണ്ട്. സതാംപ്ടണിൽ നിന്നും ടോട്ടനത്തിലേക്കും പിന്നീട് റയൽ മാഡ്രിഡിലേക്കും ചേക്കേറിയ വിങ്ങറെ, വെയിൽസിന്റെ എക്കാലത്തെയും മികച്ച താരമായാണ് കണക്കാക്കുന്നത്. റയലിനൊപ്പം ഹാട്രിക് ചാമ്പ്യൻസ് ലീഗ് അടക്കം അഞ്ച് തവണ യൂറോപ്പ് കീഴടക്കി. ടോട്ടനത്തിലും റയലിലും വശങ്ങളിലൂടെ ഓടിക്കയറി നേടുന്ന ഗോളുകൾ എന്നും ആരാധകർക്ക് ഹരം പകർന്നിരുന്നു. 2012-13 സീസണിൽ പ്രിമിയർ ലീഗ് പ്ലെയർ ഓഫ് ദ് സീസണും ആയിരുന്നു. ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ടോട്ടനം പ്ലെയറുമാണ് ബെയിൽ. 1958ന് ശേഷം ആദ്യമായി ഇത്തവണ ലോകകപ്പിന് വെയിൽസ് യോഗ്യത നേടിയപ്പോഴും താരത്തിന്റെ സാന്നിധ്യം നിർണായകമായിരുന്നു.

താനേറ്റവും ഇഷ്ടപ്പെടുന്ന കായിക വിനോദത്തിൽ ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി ബെയ്‌ൽ വിരമിക്കൽ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ 17 സീസണുകളിൽ അവിസ്മരണീയമാണെന്നു പറഞ്ഞ താരം, പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ച സതാംപ്ടൻ മുതൽ അവസാന ക്ലബ്ബ് ആയ ലോസ് അഞ്ചലസ് വരെയുള്ള എല്ലാ ടീമുകൾക്കും നന്ദി അറിയിച്ചു. വെയിൽസ് ദേശിയ ജേഴ്‌സി അണിയാൻ സാധിച്ചതും ക്യാപ്റ്റൻ ആവാൻ കഴിഞ്ഞതും ബഹുമതി ആയി കണക്കാക്കുന്നു എന്ന് താരം സൂചിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് അതുല്യമാണെന്ന് ബെയ്ൽ പറഞ്ഞു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന കുടുമ്പത്തിനും ബെയ്ൽ നന്ദി അറിയിച്ചു. ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും ബെയ്ൽ കൂടിച്ചെർത്തു.