ജോവൻ ഗാമ്പർ ട്രോഫിയിൽ ഇത്തവണ റോമയെ നേരിടാൻ ബാഴ്‌സ

സീസണിന് മുന്നോടിയായി നടക്കുന്ന ജോവൻ ഗാമ്പർ ട്രോഫിയിൽ ഇത്തവണ റോമയെ നേരിടാൻ ബാഴ്‌സലോണ. ആഗസ്റ്റ് ആറിന് മത്സരം നിശ്ചയിച്ചതായി ബാഴ്‌സലോണ ഔദ്യോഗിക വെബ് സൈറ്റിൽ അറിയിച്ചു.ക്യാമ്പ്ന്യൂവിൽ വെച്ചാവും ഇരു ടീമുകളും ഏറ്റു മുട്ടുക.മുൻപ് 2015ലും റോമയെ ഗാമ്പർ ട്രോഫിലേക്ക് ബാഴ്‌സലോണ ക്ഷണിച്ചിരുന്നു.

പുരുഷ ടീമുകൾക്ക് പുറമെ വനിതാ ടീമുകളും ഇത്തവണ ഏറ്റു മുട്ടും. ഇരു മത്സരങ്ങളും ക്യാമ്പ്ന്യൂവിൽ വെച്ചു തന്നെ ഇതേ ദിവസം നടക്കും. ആദ്യം വനിതാ ടീമുകളുടെ മത്സരവും ശേഷം പുരുഷ ടീമുകളുടെ മത്സരവും ആവും ഉണ്ടാവുക. ഇരു മത്സരങ്ങൾക്കും ഇടയിലായി അടുത്ത സീസണിലേക്കുള്ള ബാഴ്‌സയുടെ പുരുഷ-വനിതാ ടീമുകളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങും ഉണ്ടാവും.

ഒരിടവേളക്ക് ശേഷം മൗറിഞ്ഞോയുടെ മടങ്ങി വരവിനും ക്യാമ്പ് ന്യൂ സാക്ഷിയാവും. റോമയുടെ കിരീട വരൾച്ചക്ക് അന്ത്യം കുറിച്ചു കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ മൗറിഞ്ഞോക്ക് സാധിച്ചിരുന്നു.സീസണിന് മുന്നോടിയായുള്ള അവസാന മത്സരമെന്നത് കൊണ്ട് പൂർണ സജ്ജരായിട്ടാവും ഇരു ടീമുകളും ഇറങ്ങുക.

വർഷങ്ങളായി നടത്തിവരുന്ന ജുആൻ ഗാമ്പർ ട്രോഫിയുടെ 57ആമത് പതിപ്പാണ് ഇത്തവണ.