കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ഈ ഫുട്ബോൾ സീസൺ നഷ്ടപ്പെട്ടേക്കാമെന്ന സൂചനകൾ നൽകി യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സിഫറിൻ. ജൂൺ അവസാനത്തിന് മുൻപ് ഫുട്ബോൾ സീസൺ തുടരാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഫുട്ബോൾ സീസൺ തന്നെ നഷ്ടപ്പെടുമെന്ന സൂചനയാണ് യുവേഫ പ്രസിഡന്റ് നൽകിയത്. നിലവിൽ ആഭ്യന്തര ലീഗുകൾ തീർക്കുന്നതിനാണ് യുവേഫ മുൻതൂക്കം നൽകുന്നതെന്നും അലക്‌സാണ്ടർ സിഫറിൻ. പറഞ്ഞു.
നിലവിൽ യുവേഫക്ക് മൂന്ന് പദ്ധതികൾ ഉണ്ടെന്നും അതിൽ ഒന്ന് മെയ് മധ്യത്തിൽ ലീഗ് തുടങ്ങുന്നതും രണ്ടാമത്തേത് ജൂണിൽ തുടങ്ങുന്നതും മൂന്നാമത്തേത് ജൂൺ അവസാനം സീസൺ തുടങ്ങുന്നതുമാണെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു. അതെ സമയം ഈ സീസൺ അടുത്ത സീസണിലേക്ക് ദീർഘിപ്പിക്കാനുള്ള പദ്ധതികളും യുവേഫ നോക്കുന്നുണ്ടെന്ന് യുവേഫ പ്രസിഡന്റ് പറഞ്ഞു. നിലവിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് യൂറോപ്പിൽ ഫുട്ബോൾ ലീഗുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. നേരത്തെ ഈ വർഷം നടക്കേണ്ട യൂറോ കപ്പും അടുത്ത വർഷത്തേക്ക് നീട്ടിവെച്ചിരുന്നു.