ഫ്രഞ്ച് പ്രതിരോധ താരം പെർസനൽ കിംപെമ്പേ ലോകകപ്പ് ടൂർണമെന്റിന് ഉണ്ടാവില്ലെന്ന് ഉറപ്പായി. ഫിറ്റ്നസ് പ്രശ്നങ്ങൾ ആണ് താരത്തെ ടീമിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചത്. അടുത്തിടെ പരിക്കിൽ നിന്നും മുക്തനായ താരം കഴിഞ്ഞ ദിവസം പിഎസ്ജിയുടെ മത്സരത്തിൽ പകരക്കാനായി കളത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ പൂർണമായ മത്സരം കളിക്കാൻ ഫിറ്റ്നെസ് ഇല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്മാറാൻ താരം തീരുമാനിച്ചത്.
കിംപെമ്പേയുടെ സാഹചര്യം വിശദീകരിച്ച് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. താരം ലോകകപ്പിൽ പങ്കെടുക്കില്ല എന്നും പരിക്കിൽ നിന്നും പൂർണമായി മുക്തനായതായി താരം സ്വയം കരുതുന്നില്ല എന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ടീം ഡോക്ടർ ഫ്രാങ്ക് ലെ ഗാളുമായി ആദ്യം ചർച്ച നടത്തിയ താരം പിന്നീട് കോച്ച് ദെഷാമ്പ്സുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഈ തീരുമനം എടുത്തത്. മൊണാക്കോ താരം ആക്സൽ ഡിസാസി ആണ് പകരം ടീമിൽ എത്തുക. കിംപെമ്പേ ആത്മാർഥതയെ ടീം അഭിനന്ദിക്കുന്നു എന്നും എത്രയും പെട്ടെന്ന് ഫിറ്റ്നസ് വീണ്ടെടുക്കാൻ ആവട്ടെയെന്ന് ആശംസിച്ചുമാണ് പത്രക്കുറിപ്പ് അവസാനിച്ചത്.