കണക്കുകൾ പലതുണ്ട് തീർക്കാൻ!! ഓർമ്മകൾ പലതുണ്ട് പുതുക്കാൻ!! ഇന്ന് ഘാന – ഉറുഗ്വേ പോര്

Picsart 22 12 02 03 38 36 468

വർദ്ധിത വീര്യത്തോടെ ഘാന, വിജയം ഉറപ്പിക്കാൻ ഉറുഗ്വേ

ലോകകപ്പിൽ വീണ്ടുമൊരു ഘാന – ഉറുഗ്വേ പോരാട്ടം. സുവരസിന്റെ റെഡ് കാർഡും അസമാവോ ഗ്യാൻ പെനാൽറ്റി പാഴാക്കിയതും അടക്കം പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഓരോ ഫുട്ബോൾ ആരാധകന്റെയും മനസിൽ ഒരിക്കലും മായാത്ത രീതിയിൽ കുറിച്ചിട്ട ഐതിഹാസികമായ മത്സരത്തിലെ ടീമുകൾ ഒരിക്കൽ കൂടി മുഖാമുഖം വരുന്നു. എന്നാൽ ഇത്തവണ പല കാര്യങ്ങളിലും ഇരുഭാഗത്തും മാറ്റങ്ങൾ ഉണ്ട്.

Picsart 22 11 28 00 39 47 929

വിജയം ഘാനയെ അടുത്ത റൗണ്ടിൽ എത്തിക്കും. മറ്റ് മത്സര ഫലങ്ങൾ ഒന്നും അവരെ ബാധിക്കില്ല. വിജയം തന്നെ മുന്നിൽ കണ്ടാണ് ഉറുഗ്വേയും കളത്തിൽ ഇറങ്ങുന്നത്. പക്ഷെ പോർച്ചുഗലിനെതിരെ സൗത്ത് കൊറിയ വിജയം നേടാതിരിക്കേണ്ടതും അവർക്ക് അത്യാവശ്യമാണ്. മത്സരം സമനില ആയാലും പോർച്ചുഗൽ കൊറിയയോട് വലിയ ഗോൾ വ്യത്യാസത്തിൽ തോൽക്കാതിരുന്നാൽ മതി ഘാനക്ക്. അത് കൊണ്ട് തന്നെ പോർച്ചുഗലിന്റെ പ്രകടനം നിർണായകമാണ്. അവസാന മത്സരത്തിൽ ബെഞ്ചിലുള്ള താരങ്ങൾക്ക് അവർ അവസരം കൊടുത്തേക്കും എങ്കിലും അപ്പോഴും ശക്തമായ ടീം തന്നെയാണ് പോർച്ചുഗൽ. വിജയം അല്ലാതെ മറ്റെന്തും തങ്ങൾക്ക് വിനയാകും എന്നതിനാൽ ആക്രമിച്ചു കളിക്കാൻ ഉറച്ചു തന്നെയാവും ഉറുഗ്വേ ഇറങ്ങുക.

അതേ സമയം ടീമിന്റെ ഇതുവരെയുള്ള പ്രകടനം ഒട്ടും ആശാവാഹമല്ല എന്നുള്ളത് സുവരസിനെയും സംഘത്തെയും അലട്ടുന്നുണ്ടാവും. കൊറിയക്കെതിരെ സമനിലയും പോർച്ചുഗലിനെതിരെ തോൽവിയും നേരിട്ട അവർ ടൂർണമെന്റിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല. സുവാരസിനും കവാനിക്കും പഴയ വേഗത ഇല്ലെങ്കിൽ യുവതാരം ഡാർവിൻ ന്യുനസിനും ടീമിനെ രക്ഷിക്കാൻ ആവുന്നില്ല. അവസാന മത്സരത്തിൽ മുന്നേറ്റ താരങ്ങളിൽ നിന്നും ഫെഡെ വാർവേർഡേ, ബെന്റാങ്കുർ എന്നിവരിൽ നിന്നും മികച്ച പ്രകടനം തന്നെയാണ് ടീം പ്രതീക്ഷിക്കുന്നത്.

ഘാന ആവട്ടെ ആത്മവിശ്വാസത്തിൽ ആണ്. ടീം നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. പോർച്ചുഗലിനെതിരെ തോൽവി വഴങ്ങിയപ്പോൾ പോലും രണ്ടു ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞത് അവരുടെ പോരാട്ട വീര്യത്തിനുള്ള സാക്ഷ്യമാണ്. കൂടാതെ മുഹമ്മദ് കുദുസിന്റെ മികച്ച ഫോമും ടീമിന് തുണയാണ്. എങ്കിലും അപകടകരികളായ താരങ്ങൾ നിറഞ്ഞ ഉറുഗ്വേക്കെതിരെ കരുതി തന്നെയാവും ഘാന കളത്തിൽ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച വൈകീട്ട് എട്ടരക്കാണ് മത്സരം ആരംഭിക്കുന്നത്.