അന്ന് തുറാം, ഇന്ന് ഉംറ്റിറ്റി!! ഫ്രാൻസിനെ ഫൈനലിൽ എത്തിച്ച പ്രതിരോധ ഗോൾ

- Advertisement -

1998 ലോകകപ്പ് സെമിയിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടുകയായിരുന്നു. അന്നത്തെ ക്രൊയേഷ്യ ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിവുള്ളതായിരുന്നു. ആ കഴിവ് ഉപയോഗിച്ച് ഒരു ഗോളിന് ക്രൊയേഷ്യ മുന്നിലും എത്തി. ഗോളടിക്കാൻ കഴിവുള്ള ഹെൻറിയും സിദാനും അടക്കം പല താരങ്ങളുണ്ടായിട്ടും അന്ന് ഫ്രാൻസിനെ രക്ഷിച്ചത് ഒരു ഡിഫൻഡറായിരുന്നു. ലിലിയം തുറാം.

സ്ട്രൈക്കർമാരെ വരെ പുളകം കൊള്ളിക്കുന്ന രണ്ട് ഫിനിഷ് ആണ് തുറാം അന്ന് നടത്തിയത്. ആ ഗോളുകളുടെ ബലത്തിൽ 2-1ന് വിജയിച്ച് അന്ന് ഫ്രാൻസ് ഫൈനലിലേക്ക് കടന്നു. ഇന്നും ഫ്രാൻസിന് ഒരു ഡിഫൻഡറുടെ സഹായം വേണ്ടി വന്നു ഗോൾ നേടാൻ. ഉംറ്റിറ്റി എന്ന ബാഴ്സലോണയുടെ സെന്റർ ബാക്ക്. ഹെഡറുകളിൽ പേര് കേട്ട ഫെല്ലൈനി ആയിരുന്നു ഉംറ്റിറ്റിയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

എന്നിട്ടും ആ വലിയ ഫെല്ലൈനിയെയും മറികടന്ന് പന്ത് വലയിൽ എത്തിക്കാൻ ഉംറ്റിറ്റിക്കായി. ഉംറ്റിറ്റിയുടെ ഫ്രഞ്ച് കരിയറിലെ മൂന്നാം ഗോൾ മാത്രമായിരുന്നു ഇത്. ഈ ലോകകപ്പിൽ ഫ്രാൻസിനായി മൂന്ന് തവണ ഡിഫൻഡർമാർ വല കുലുക്കി. ക്വാർട്ടറിൽ സെന്റർ ബാക്ക് വരാനെയും, പ്രീക്വാർട്ടറിൽ ഫുൾബാക്ക് പവാർഡും ഫ്രാൻസിനായി ഗോൾ നേടിയിരുന്നു. ഇതിനു മുമ്പ് 1998 ലോകകപ്പിൽ മാത്രമാണ് ഫ്രാൻസിനായി മൂന്ന് ഡിഫൻഡേഴ്സ് സ്കോർ ചെയ്തിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement