അണ്ടർ 20 ലോകകപ്പിൽ ഇറ്റലിയുടെ യുവനിര സെമി ഫൈനലിൽ. ടൂർണമെന്റിൽ ഉടനീളം അത്ഭുതങ്ങൾ കാണിച്ചു മുന്നേറുകയായിരുന്ന മാലിയെ മറികടന്നാണ് ഇറ്റലി സെമിയിലേക്ക് എത്തിയത്. ഇന്ന് നടന്ന ക്വാർട്ടർ പോരിൽ 2നെതിരെ നാലു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം.
കളിയുടെ 21ആം മിനുട്ടിൽ ഒരു ചുവപ്പ് കാർഡ് കണ്ട് ഡിയാകറ്റെ പുറത്തായതിനെ തുടർന്ന് 70 മിനുറ്റോളം 10 പേരുമായാണ് മാലി ഇന്ന് കളിച്ചത്. എന്നിട്ടും രണ്ട് തവണ ഇറ്റലിക്കെതിരെ തിരികെ വരാൻ മാലിക്കായി. ആദ്യ ഒരു സെൽഫ് ഗോളിൽ ആയിരുന്നു മാലി പുറകിലായത്. 38ആം മിനുട്ടിൽ കൊയിറ്റയിലൂടെ മാലി സ്കോർ 1-1 എന്നാക്കി. പിന്നീട് ക്യാപ്റ്റൻ പിനമൊണ്ടി 60ആം മിനുട്ടിൽ ഇറ്റലിക്ക് ലീഡ് തിരികെ വാങ്ങിക്കൊടുത്തു. അതിന് 70ആം മിനുട്ടിൽ കമാരയിലൂടെ മാലിയുടെ മറുപടി എത്തി. സ്കോർ 2-2
പക്ഷെ അതിനു ശേഷം കളി ഇറ്റലിയുടെ കൈകളിലായി. 71ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് പിനമൊണ്ടി ഇറ്റലിയെ 3-2ന് മുന്നിൽ എത്തിച്ചു. തൊട്ടു പിറകെ ഒരു ഫ്രീഹെഡറിൽ നിന്ന് ഫ്രറ്റെസി ഇറ്റലിയുടെ നാലാം ഗോളും നേടി. അവസാന നിമിഷം മാലിക്ക് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഉക്രൈനെ ആകും ഇറ്റലി സെമിയിൽ നേരിടുക.