ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയും ഡെന്മാർക്കും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ഈ ലോകകപ്പിലെ ആദ്യ ഗോൾ രഹിത സമനില ആണിത്.
ടുണീഷ്യയും ഡെന്മാർക്കും തമ്മിലുള്ള മത്സരം രണ്ട് ടീമുകൾക്കും എളുപ്പം ആയിരുന്നില്ല. തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ട് ടീമുകളും പ്രയാസപ്പെട്ടു. 24ആം മിനുട്ടിൽ ജെബാലി ടുണീഷ്യക്കായി ഗോൾ നേടിയെങ്കിലും അത് ക്ലിയർ ഓഫ് സൈഡ് ആയിരുന്നു. ആദ്യ പകുതിയിലെ ഏറ്റവും നല്ല അവസരം ലഭിച്ചതും ജെബലിക്ക് ആയിരുന്നു. 41ആം മിനുട്ടിൽ ഷിമൈക്കിളെ ഛിപ് ചെയ്യാൻ ജെബാലി ശ്രമിച്ചു എങ്കിലും സമർത്ഥമായ സേവിലൂടെ ഡാനിഷ് കീപ്പർ ഡെന്മാർക്കിനെ രക്ഷിച്ചു.
രണ്ടാം പകുതിയിൽ കളിക്ക് വേഗത വർധിച്ചു. 56ആം മിനുട്ടിൽ ഓൽസൻ ഡെന്മാർക്കിനായി ഗോൾ നേടി എങ്കിലും അപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. 69ആം മിനുട്ടിൽ എറിക്സന്റെ ഒരു പവർഫുൾ ഷോട്ട് ഡാഹ്മെൻ സേവ് ചെയ്തു സ്കോർ ഗോൾ രഹിതമായി നിർത്തി.
70ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഡെന്മാർക്ക് ഗോളിന് അടുത്ത് എത്തി എങ്കിലിം കോർണലൊയുസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി.
ഇരു ടീമുകളും ഏറെ മാറ്റങ്ങൾ വരുത്തിയിട്ടും ഗോൾ മാത്രം വന്നില്ല. ടുണീഷ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഹാന്നിബൽ മെജെബ്രിയെയും ഇന്ന് കളത്തിൽ ഇറക്കിയിരുന്നു. ഇനി ഫ്രാൻസും ഓസ്ട്രേലിയയും ആണ് ഡെന്മാർക്കിനും ടുണീഷ്യക്കും മുന്നിൽ ഉള്ളത്