നാലാം ലോകകപ്പ്; മുപ്പത്തിയെട്ടിന്റെ ഇളപ്പത്തിലും ബ്രസീലിനെ നയിക്കാൻ തിയാഗോ സിൽവ

2008ലെ ഒളിമ്പിക്‌സ് ആണ് തിയാഗോ സിൽവ ബ്രസീൽ സീനിയർ കുപ്പായം അണിയുന്ന ആദ്യ മേജർ ടൂർണമെന്റ്. അന്ന് തൊട്ടിങ്ങോട്ട് പ്രായം പരിഗണിക്കുന്ന ഒളിമ്പിക്‌സ് മാറ്റിനിർത്തിയാൽ സിൽവയില്ലാതെ ബ്രസീൽ ഒരു മേജർ ടൂർണമെന്റിനും ഇറങ്ങിയിട്ടില്ല. 2010 ലോകകപ്പിൽ ബെഞ്ചിൽ ഇരുന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ലോകകപ്പ് കരിയർ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം തന്റെ നാലാം ലോക കിരീട പോരാട്ടത്തിന് ഇറങ്ങുമ്പോൾ ദേശിയ ടീമിന്റെ നായകനും പ്രതിരോധത്തിന്റെ നെടുംതൂണുമാണ്. ഇതോടെ നിലവിലെ ബ്രസീൽ സ്ക്വാഡിൽ അവസാന നാല് ലോകകപ്പിലും പങ്കെടുത്ത ഒരേയൊരു താരമായും സിൽവ മാറും. സിൽവയെ പോലെ വർഷങ്ങളായി ദേശിയ ടീമിലെ സ്‌ഥിരം സാന്നിധ്യം ആയിരുന്നെങ്കിലും ഡാനി ആൽവസിന് 2018 ലെ ലോകകപ്പ് നഷ്ടമായിരുന്നു. നെയ്മർ ആവട്ടെ 2010ലെ ടീമിലും ഉണ്ടായിരുന്നില്ല.

20221108 121904

നേരത്തെ മഞ്ഞപ്പടക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ഇറങ്ങിയ സെന്റർ ബാക്ക് ആയും ചെൽസി താരം മാറിയിരുന്നു. നാല്പതിനോട് അടുത്തിട്ടും ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നിലും ദേശിയ ടീമിലും ആദ്യ ഇലവനിൽ തന്റെ സ്ഥാനം കണ്ടെത്താൻ കഴിയുന്ന സിൽവ, പ്രായം കീഴടക്കാത്ത പോരാളിയുടെ പരിവേഷവും തുടർച്ചയായ മൂന്ന് ലോകകപ്പുകളുടെ അനുഭവസമ്പത്തുമായി ടീമിന് പ്രചോദനമാവാനുള്ള തയ്യാറെടുപ്പിലാണ്.