വനിതാ ഫുട്ബോൾ ലോകകപ്പിൽ വിജയത്തോടെ സ്വിറ്റ്സർലാന്റ് തുടങ്ങി. ഇന്ന് ന്യൂസിലൻഡിൽ നടന്ന മത്സരത്തിൽ ഫിലിപ്പീൻസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് സ്വിറ്റ്സർലാന്റ് തോല്പ്പിച്ചത്. ആദ്യ പകുതിയുടെ അവസാനം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ബാച്ച്മാൻ ആണ് സ്വിറ്റ്സർലാന്റിന് ലീഡ് നൽകിയത്. ഈ ഗോളോടെ റമോണ ബാച്മാൻ സ്വിറ്റ്സർലാന്റിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോറർ ആയി.
രണ്ടാം പകുതിയിലും സ്വിറ്റ്സർലാന്റ് ആധിപത്യം തുടർന്നു. അവർ 64ആം മിനുട്ടിൽ സെറിന സെവറിൻ പുബിലിലൂടെ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു. ഫിലിപ്പീൻസിന് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. സ്വിറ്റ്സർലാന്റ് 17 ഷോട്ടുകൾ തൊടുത്തപ്പോൾ അതിൽ 8ഉം ടാർഗറ്റിലേക്ക് ആയിരുന്നു. 75%ത്തോളം പൊസഷനും സ്വിറ്റ്സർലാന്റിന് ഉണ്ടായിരുന്നു.