സ്പെയിൻ ആദ്യമായി വനിതാ ലോകകപ്പ് ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ സ്പെയിൻ സ്വീഡനെയാണ് പരാജയപ്പെടുത്തിയത്. അവസാന 10 മിനുട്ടുകൾക്ക് ഇടയിൽ പിറന്ന മൂന്ന് ഗോളുകൾ മത്സരത്തിന് ത്രില്ലിംഗ് ഫിനിഷ് ആണ് നൽകിയത്. 2-1 എന്ന സ്കോറിന് സ്പെയിൻ വിജയിക്കുകയും ചെയ്തു. ഫൈനലിൽ ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ആകും സ്പെയിനിന്റെ എതിരാളികൾ.
ഇന്ന് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ 81ആം മിനുട്ട് വരെ ഗോൾ പിറന്നിരുന്നില്ല. 81ആം മിനുട്ടിൽ പരെയെലോയുടെ ഫിനിഷ് സ്പെയിന് ലീഡ് നൽകി. സ്വീഡൻ ഒരിക്കൽ കൂടെ സെമി ഫൈനലിൽ പുറത്ത് പോവുകയാണെന്ന് തോന്നിയ നിമിഷം. എന്നാൽ സ്വീഡൻ പൊരുതി. അവർ 89ആം മിനുട്ടിൽ ബ്ലോംക്വിസ്റ്റിലൂടെ സമനില നേടി. സ്പെയിൻ ഞെട്ടിയെങ്കിലും അവർക്ക് എക്സ്ട്രാ ടൈമിന് മുന്നെ തന്നെ കളി ജയിക്കാനുള്ള ടാലന്റ് ഉണ്ടായിരുന്നു.
90ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് ഒൾഗ കാർമോണയുടെ സ്ട്രൈക്ക് സ്പെയിന് വിജയം നൽകി. കാർമോണയുടെ സ്പാനിഷ് കരിയറിലെ രണ്ടാം ഗോൾ മാത്രമായിരുന്നു.