ഖത്തർ ലോകകപ്പിൽ നോകൗട്ട് പോരാട്ടം ജിബ്രാൾട്ടർ കടലിടുക്കിന്റെ ഇരുകരകളിലേക്കും ചുരുങ്ങുമ്പോൾ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടാൻ പുത്തൻ ആഫ്രിക്കൻ ശക്തികൾ ആയ മൊറോക്കോ ഒരുങ്ങുന്നു. ടീമിന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ നോകൗട്ട് വിജയത്തിലാണ് മൊറോക്കോ കണ്ണ് വെക്കുന്നതെങ്കിൽ, അടുത്ത കാലത്ത് യൂറോ കപ്പിലടക്കം വമ്പൻ പോരാട്ടങ്ങളിൽ ഇറങ്ങിയ ടീമിന്റെ മത്സര പരിചയം എതിർ ടീമിനേക്കാൾ മുൻതൂക്കം നൽകും എന്ന പ്രതീക്ഷയിൽ ആണ് സ്പെയിൻ.
ബെൽജിയവും കാനഡയും ക്രൊയേഷ്യയും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് മൊറോക്കോ എത്തുന്നത്. ക്രൊയേഷ്യയെ സമനിലയിൽ തളച്ചപ്പോൾ ബെൽജിയത്തെയും കാനഡയേയും വീഴ്ത്താനും അവർക്കായി. അടുത്ത കാലത്ത് യൂറോപ്യൻ ഫുട്ബോളിൽ ഉയർന്ന് വന്ന ഒരുപിടി മികച്ച താരങ്ങൾ ആണ് മൊറോക്കോയുടെ കരുത്ത്. അതിൽ തൊട്ടടുത്തുള്ള സ്പെയിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട് എന്നതും രസകരമായ വസ്തുതയാണ്. ഒന്നാം സ്‌ട്രൈക്കർ ആയ എൻ – നെസൈരി, കീപ്പർ ബോനോ എന്നിവർ സെവിയ്യയുടെ താരങ്ങൾ ആണ്. റൈറ്റ് ബാക്ക് അഷറഫ് ഹകിമി മാഡ്രിഡ് താരമായിരുന്നു. ഇവരെ കൂടാതെ ആമ്രബാത്, സിയച്ച്, മാസ്രോയി എന്നിവരും കൂടി ചേരുമ്പോൾ ഏത് വമ്പനെയും വീഴ്ത്താൻ പോന്ന ടീമായി മൊറോക്കോ മാറുന്നു. ഗ്രൂപ്പ് സ്റ്റേജിലെ പ്രകടനം സ്പെയിനിനെതിരെയും ആവർത്തിക്കാൻ ആയാൽ ചരിത്രം കുറിക്കാം എന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കരുത്തർ.
ലോകകപ്പിൽ ഇതുവരെ താഴോട്ടാണ് സ്പെയിനിന്റെ ഗ്രാഫ്. വമ്പൻ ജയവുമായി തുടങ്ങിയ ശേഷം ജർമനിയോട് സമനിലയും ജപ്പാനോട് തോൽവിയും നേരിടേണ്ടി വന്നു. ഇരു ടീമിന്റെയും വേഗതക്കെതിരെ പതറിയ സ്പെയിൻ പ്രതിരോധത്തിൽ ആവും മൊറോക്കോയുടെ കണ്ണുകൾ. അതേ സമയം ടികി ടാക കൈമോശം വന്നിട്ടില്ലെന്ന് സ്‌പെയിൻ ഇതിനിടയിലും തെളിയിച്ചു. ജപ്പാനെതിരെ ബെഞ്ചിൽ ഇരുന്ന ലപോർട ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും. തുടർച്ചയായി ഗോൾ കണ്ടെത്തുന്ന മൊറാട്ട ഒരിക്കൽ കൂടി പകരക്കാരനായി എത്തിയേക്കും. ഓൾമോ, ഫെറാൻ ടോറസ് എന്നിവർ തന്നെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. മധ്യനിരയിൽ എൻറിക്വെയുടെ വിശ്വസ്ത ത്രയമായ പെഡ്രി – ബാസ്ക്വറ്റ്‌സ് – ഗവി തന്നെ എത്തും. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ പരിഹരിച്ച് ടീം ഇറക്കാൻ തന്നെയാവും കോച്ചിന്റെ ശ്രമം.
ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച വൈകിട്ട് 8.30 എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.