വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിന് ഗംഭീര തുടക്കം. ഇന്ന് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. സ്പെയിനിന്റെ സർവ്വാധിപത്യം കണ്ട മത്സരത്തിൽ 3 ഗോളുകൾ മാത്രമേ വന്നിട്ടുള്ളൂ എന്നത് അത്ഭുതമാണ്. 46 ഷോട്ടുകൾ ആണ് സ്പെയിൻ ഇന്ന് തൊടുത്തത്. ഫിനിഷിംഗിലെ പോരായ്മ ആണ് സ്പെയിന് ഇന്ന് ആകെ ഉണ്ടാകാൻ പോകുന്ന നിരാശ.
21ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് സ്പെയിൻ ലീഡ് എടുത്തത്. പിന്നാലെ 23ആം മിനുട്ടിൽ ബാഴ്സലോണ താരം ഐതാന ബൊന്മാറ്റി ലീഡ് ഇരട്ടിയാക്കി. 27ആം മിനുട്ടിൽ റയൽ മാഡ്രിഡ് താരം എസ്തർ ഗോൺസാലസ് സ്പെയിനിന്റെ മൂന്നാം ഗോളും നേടി. ഇതോടെ തന്നെ അവർ വിജയം ഉറപ്പിച്ചു. മത്സരത്തിൽ 82% ആയിരുന്നു സ്പെയിനിന്റെ ബോൾ പൊസഷൻ. ഇനി ജപ്പാനും സാംബിയയും ആണ് സ്പെയിനിന്റെ ഗ്രൂപ്പിലെ എതിരാളികൾ.