2022 ലെ ലോകകപ്പ് ഖത്തറിനു നൽകിയ തീരുമാനം തെറ്റ് ആണെന്ന് സമ്മതിച്ചു മുൻ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ. ആ സമയത്തെ ഫിഫ പ്രസിഡന്റ് എന്ന നിലയിൽ ആ തെറ്റിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏൽക്കുന്നത് ആയും ബ്ലാറ്റർ കൂട്ടിച്ചേർത്തു. ഫുട്‌ബോൾ ലോകകപ്പ് ഖത്തർ അർഹിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിനു ലോകകപ്പ് അനുവദിച്ചത് മുതൽ വലിയ പ്രതിഷേധങ്ങൾ ആണ് ഫുട്‌ബോൾ ലോകത്ത് നിന്നു ഉണ്ടായത്.
കൈക്കൂലി വാങ്ങിയാണ് ഫിഫ ഖത്തറിനു ലോകകപ്പ് നൽകിയത് എന്ന ആരോപണം അന്ന് മുതൽ ഉണ്ടായിരുന്നു. പിന്നീട് ബ്ലാറ്റർ അടക്കമുള്ള ഫിഫയിലെ വലിയ വിഭാഗം ഉദ്യോഗസ്ഥരും അഴിമതി ആരോപണം നേരിടുകയും കുറ്റം ചുമതപ്പെടുകയും അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. നിലവിൽ ശക്തമായ ഇസ്‌ലാമിക ഷരിയ നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിന്റെ പല കാര്യങ്ങളിലുള്ള നിലപാടും മനുഷ്യാവകാശ ലംഘനങ്ങളും ഉയർത്തി വലിയ വിഭാഗം ഫുട്‌ബോൾ ആരാധകർ തങ്ങളുടെ പ്രതിഷേധം പല നിലക്കും അറിയിക്കുന്നുണ്ട്.