2022 ഫിഫ വേൾഡ് കപ്പിന്റെ ക്വാർട്ടർ നിര തീരുമാനമായി. ഇനി ഏഴു കളികൾ മാത്രം ബാക്കി, പുതിയ ലോക ചാമ്പ്യൻമാരെ തീരുമാനിക്കാൻ. ഡിസംബർ 18ന്, ആതിഥേയരായ ഖത്തർ തങ്ങളുടെ ദേശീയ ദിനം ആചരിക്കുന്ന ദിവസം, ലുസൈൽ സ്റ്റേഡിയത്തിൽ ഈ വിശ്വ മാമാങ്കം ആരവങ്ങളോടെ അവസാനിക്കും.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകം ഖത്തറിലേക്ക് ചുരുങ്ങുകയും, ഖത്തർ ഒരു പട്ടണമായി മാറുന്ന കാഴ്ചയുമാണ് കണ്ടത്. നോക്കെത്തും ദൂരത്തുള്ള എട്ട് ലോകോത്തര സ്റ്റേഡിയങ്ങളിൽ ഇത്തവണ ഒന്നിലേറെ കളികൾ കാണാൻ സാധിച്ച സന്തോഷത്തിലാണ് കളിയാരാധകർ. ആരും ശ്രദ്ധിക്കാത്ത ചില ലോകകപ്പ് കണക്കുകൾ കൂടി ഫിഫ പുറത്ത് വിടാനിരിക്കുകയാണ്. അതെല്ലാം ഖത്തർ വേൾഡ് കപ്പിനെ അടിസ്ഥാനമില്ലാതെ വിമർശിച്ചവർക്കുള്ള മറുപടിയാകും എന്ന കാര്യത്തിൽ സംശയമില്ല.
കൂടുതൽ കാണികൾ ഒന്നിലേറെ കളികൾ കണ്ട വേൾഡ് കപ്പ്, ഏറ്റവും കൂടുതൽ കുട്ടികളും സ്ത്രീകളും സ്റ്റേഡിയത്തിൽ ഇരുന്നു കളി വീക്ഷിച്ച വേൾഡ് കപ്പ്, ഏറ്റവും കുറവ് ആക്രമ സംഭവങ്ങൾ നടന്ന വേൾഡ് കപ്പ്, ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത ലോക കപ്പ് തുടങ്ങി റെക്കോർഡുകൾ അനവധിയാണ്.
പാശ്ചാത്യ നഗരങ്ങളിൽ പാണന്മാർ 24 മണിക്കൂറും പത്രങ്ങളിലൂടെയും, ടിവിയിലൂടെയും പാടി നടന്ന അറബ് കഥകളിൽ നിന്നും വ്യത്യസ്തമായ ഒരു നാടാണ് വിദേശീയരായ കാണികൾക്ക് ഖത്തറിൽ വീക്ഷിക്കാൻ സാധിച്ചത്. അറബ് സംസ്കാരത്തിന്റെ സൗന്ദര്യവും, ആതിഥേയത്തിന്റെ സ്നേഹവും നേരിൽ കണ്ട വിദേശിയർ പറയുന്നത്, ഇതല്ല ഞങ്ങൾ കേട്ടിരുന്ന ഖത്തർ എന്നാണ്. സഹായിക്കാൻ തയ്യാറായി നിൽക്കുന്ന തദ്ദേശീയർ, രാത്രി പകൽ എന്ന വ്യത്യാസമില്ലാതെ ഏത് സമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതരായി യാത്ര ചെയ്യാൻ സാധിക്കുന്ന നഗര വീഥികൾ, കളി കാണാൻ വരുന്നവർക്ക് സ്റ്റേഡിയത്തിന് പുറത്തു ഭക്ഷണം വിതരണം ചെയ്യുന്ന നാട്ടുകാർ, എന്നിങ്ങനെ ലോകത്തെ മറ്റൊരു രാജ്യത്തും ലഭിക്കാത്ത ആതിഥേയ മര്യാദ നിറഞ്ഞ ഒരു ലോകകപ്പ് അനുഭവമാണ് അവർക്ക് ലഭിച്ചത്.
സ്റ്റേഡിയത്തിൽ മദ്യം വിളമ്പുന്നില്ല എന്ന പാരാതി ഉയർത്തിയ ആരെയും കാണികൾക്കിടയിൽ കാണാൻ സാധിച്ചില്ല എന്നതും ഒരു സത്യമായി. വന്നവർക്കെല്ലാം കളിയാണ് ലഹരിയായത്, ഇത്ര സൗകര്യപ്രദമായി ഫുട്‌ബോൾ ആസ്വദിക്കുന്ന തിരക്കിൽ മറ്റെല്ലാം അവർ മറന്നു. മദ്യം ഇല്ല എന്നത് അവർക്ക് ഒരു വിഷയമേയല്ല എന്ന നിലയിലാണ് അവർ പ്രതികരിച്ചത്.
കാണികളുടെ സാംസ്കാരിക, ആസ്വാദന വ്യത്യാസങ്ങളും ഈ വേൾഡ് കപ്പ് ഖത്തറിൽ നടന്നത് കൊണ്ട് നമുക്ക് കാണാനായി. വികാരം വിക്ഷോഭങ്ങൾ കൊണ്ട് പരിസരം മറന്നു നിറഞ്ഞാടുന്ന യൂറോപ്യൻ കാണികളെക്കാൾ എന്തു കൊണ്ടും വ്യത്യസ്തമായി ഫുട്ബോൾ ഒരു ആഘോഷമായി കണ്ട ഏഷ്യൻ കാണികൾ. അക്കൂട്ടത്തിൽ ജപ്പാൻ കാണികളെ ലോകം ഒരിക്കലും മറക്കുകയുമില്ല. അറബ്, ഇന്ത്യൻ കാണികളുടെ ബാഹുല്യം കൊണ്ട് വ്യത്യസ്തമായ ഗാലറികളിൽ ഇത്തവണ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടായില്ല.
ഒരു ഫുട്ബോൾ വേൾഡ് കപ്പ് എങ്ങനെയാണ് നടത്തേണ്ടത് എന്നതിന് ഒരു ടെക്സ്റ്റ് ബുക്ക് മാതൃകയാണ് ഖത്തർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഫൈനൽ വിസിൽ മുഴങ്ങാൻ നമുക്ക് കാത്തിരിക്കാം, ചാമ്പ്യനെയും റെക്കോർഡുകളുടെ നീണ്ട ലിസ്റ്റും കാണാൻ. ചരിത്രത്തിലെ ഏറ്റവും മനോഹരമായ വേൾഡ് കപ്പായിരുന്നു ഖത്തർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് എന്നു സംശയമന്യേ ഉറപ്പിച്ച് പറയുവാൻ വേൾഡ് കപ്പുകളുടെ ചരിത്രം രേഖപ്പെടുത്തുന്നവർക്ക് സാധിക്കും. അപ്പോൾ നമുക്കും അഭിമാനത്തോടെ പറയാം, ഏറ്റവും അധികം മലയാളികൾ അണിയറയിലും ഗാലറിയിലും ഉണ്ടായിരുന്ന ഒരു വേൾഡ് കപ്പായിരുന്നു ഇത് എന്നു!