ഖത്തർ ലോകകപ്പോടെ ലോകകപ്പിന്റെ വലുപ്പം കൂട്ടാമെന്ന ചർച്ചകൾ ഫിഫ അവസാനിപ്പിച്ചു. പതിവ് 32 ടീമുകളുടെ ലോകകപ്പ് 48 ടീമുകളായി വർധിപ്പിക്കാൻ ഫിഫാ ആലോചിച്ചിരുന്നു. എന്നാൽ ആ തീരുമാനം ഉപേക്ഷിച്ചതായും ഇനി അത് ചർച്ചയ്ക്ക് എടുക്കില്ല എന്നും ഫിഫ ഇന്ന് അറിയിച്ചു. ഇപ്പോൾ നടക്കുന്ന 32 ടീമുകൾ ഉള്ള രീതിയിൽ തന്നെയാകും ഖത്തറിലും ലോകകപ്പ് നടക്കുക എന്ന് ഫിഫ അറിയിച്ചു.
ഖത്തർ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ വളരെ മുന്നിൽ എത്തിയതിനാൽ ഇനി മാറ്റങ്ങൾ വരുത്തിയാൽ ശരിയാകില്ല എന്നതിനാലാണ് ഈ ശ്രമം ഫിഫ ഉപേക്ഷിക്കുന്നത്. ഖത്തറും അയൽ രാജ്യങ്ങളും ചേർന്ന് 48 ടീമുകളുടെ ടൂർണമെന്റ് നടത്തുന്ന ഫിഫ ചർച്ച ചെയ്തിരുന്നു എങ്കിലും അതു നടക്കില്ല എന്ന് ഉറപ്പായതോടെയാണ് 32 ടീമിൽ തന്നെ തുടരാൻ ഫിഫ തീരുമാനിച്ചത്. 2022 ലോകകപ്പിൽ ഇല്ലായെങ്കിലും 2026ൽ 48 ടീമുകളായി ലോകകപ്പിനെ വലുതാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.