നാല് വർഷങ്ങൾക്ക് മുൻപ് റഷ്യയുടെ മണ്ണിൽ ഉറുഗ്വേയോടെറ്റ തോൽവിയോടെയാണ് പറങ്കിപ്പട ലോകകപ്പിൽ നിന്നും പുറത്തായത്. പോരാട്ടം ഇന്ന് ഖത്തറിൽ എത്തി നിൽക്കുമ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നുമായി ഉറുഗ്വേക്ക് മുൻപിൽ വൻ വെല്ലുവിളി ഉയർത്തി നിൽക്കുകയാണ് പോർച്ചുഗൽ. ആദ്യ മത്സരത്തിൽ വിജയം കണ്ടെത്തിയ ക്രിസ്റ്റിയാനോക്കും സംഘത്തിനും വീണ്ടും വിജയം ഉറപ്പിച്ചാൽ ഗ്രൂപ് ചാമ്പ്യന്മാരായി തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് അനായാസമാവും. സൗത്ത് കൊറിയയോട് സമനില വഴങ്ങി ആരംഭിച്ച ഉറുഗ്വേ ആവട്ടെ മൂന്ന് പോയിന്റ് ലക്ഷ്യമിട്ട് തന്നെയാവും കളത്തിൽ എത്തുന്നത്.
ഘാനക്കെതിരെ ഒട്ടും നല്ല രീതിയിൽ അല്ല പോർച്ചുഗൽ തുടങ്ങിയത് എങ്കിലും തുടക്കത്തിലേ പരിഭ്രമം മാറ്റി പിന്നിട് മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചു വരാൻ ടീമിനായി. ബ്രൂണോയുടെ മികവും റൊണാൾഡോ ഗോൾ കണ്ടെത്തുന്നതും ടീമിന് ആശ്വാസം നൽകുന്നുണ്ടെങ്കിൽ, ബെഞ്ചിൽ നിന്നെത്തി നിമിഷങ്ങൾക്കകം തന്റെ മുദ്ര പതിപ്പിച്ച റാഫേൽ ലിയോയുടെ സാന്നിധ്യം നൽകുന്ന കരുത്ത് ചെറുതല്ല. ബെർണാഡോ സിൽവ കൂടി അവസരത്തിന് ഒത്തുയർന്നാൽ ഉറുഗ്വേക്ക് കാര്യങ്ങൾ പന്തിയവില്ല..
മറുവശത്ത് വെറ്ററൻ താരങ്ങളുമായി പഴയ പ്രകടനത്തിന്റെ നിഴലിൽ മാത്രമായിരുന്നു ഉറുഗ്വേ. സുവാരസും കവാനിയും നല്ല കാലം പിന്നിട്ട ലക്ഷണങ്ങൾ കാണിച്ചപ്പോൾ യുവതാരങ്ങളായ ഡാർവിൻ ന്യുനസും, ഫെഡെ വാൽവേർടേയും അവസരത്തിനൊത്ത് ഉയരാഞ്ഞതും ടീമിന് തിരിച്ചടി ആയി. ഇവരുടെ പ്രകടനത്തിൽ തന്നെയാവും ടീം ഉറ്റു നോക്കുന്നത്. ഫോമിലേക്ക് ഉയർന്നാൽ ഏത് കൊലകൊമ്പന്റെയും പ്രതിരോധം തനിയെ ബേധിക്കാൻ കെൽപ്പുള്ള താരങ്ങൾ ആണ് ഇരുവരും. ടീമുകളിൽ ആദ്യ മത്സരത്തിൽ നിന്നും കാര്യമായ മാറ്റം ഉണ്ടാവില്ല. പ്രതിരോധത്തിൽ പേരെരക്ക് പരിക്ക് ആയതിനാൽ പോർച്ചുഗൽ ആദ്യ ഇലവനിൽ പെപ്പെ ഇറങ്ങാൻ സാധ്യതയുണ്ട്. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുന്നത്.