ഖത്തർ ലോകകപ്പിനായുള്ള യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. പ്രത്യേകിച്ച് കാരണം ഒന്നും ഉത്തര കൊറിയ പറഞ്ഞില്ല എങ്കിലും കൊറോണ ഭീതിയാണ് പിന്മാറലിനു പിറകിലെ കാരണം എന്നാണ് കരുതപ്പെടുന്നത്. നേരത്തെ ടോക്കിയോ ഒളിമ്പിക്സിലും ഉണ്ടാകില്ല എന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. അവസാന ഒരു വർഷമായി കൊറോണ വ്യാപനം തടയാനായി അതിർത്തികൾ അടച്ച് പ്രതിരോധം തീർത്തിരിക്കുകയാണ് ഉത്തര കൊറിയ.
ഗ്രൂപ്പ് എച്ചിൽ ആയിരുന്നു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കൊറിയ ഉണ്ടായിരുന്നത്. ഇപ്പോൾ മൂന്നാം സ്ഥാനത്ത് ആണെങ്കിലും ഒന്നാമതുള്ള തുർക്ക്മെനിസ്താനെക്കാൾ വെറും ഒരു പോയിന്റ് മാത്രം പിറകിലായിരുന്നു അവർ. കൊറിയയുടെ അഭാവത്തിൽ ഗ്രൂപ്പ് എച്ചിലെ പോയിന്റുകൾ പുനർ നിർണയിക്കും എന്ന് എ എഫ് സി അറിയിച്ചു. ജൂണിലാണ് ബാക്കിയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കേണ്ടത്.