ഇന്ന് നെയ്മർ നേടിയ ഗോൾ നെയ്മറിനെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആക്കി മാറ്റി എങ്കിലും താരം ഈ ദിവസം ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. ഒരിക്കൽ കൂടെ തന്റെ രാജ്യം ലോകകപ്പ് നേടാൻ ആകാതെ മടങ്ങുന്ന ഓർമ്മ മാത്രമായിരിക്കും നെയ്മറിന് ഇന്നത്തെ രാത്രി. ലോകത്തെ മികച്ച താരങ്ങളിൽ ഒന്നായ നെയ്മറിന് ഒരു ലോകകപ്പ് കിരീടം തന്റെ പേരിൽ ഇല്ല എന്നത് ചെറിയ കോട്ടം ഒന്നുമല്ല.
പ്രായം 31ലേക്ക് കടക്കുന്ന നെയ്മർ ഇനി ഒരു ലോകകപ്പിൽ ബ്രസീലിനൊപ്പം ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. താൻ ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ ഖത്തർ ലോകകപ്പിനു മുമ്പ് പറഞ്ഞിരുന്നു. അടുത്ത ലോകകപ്പ് സമയത്ത് എന്താകും എന്ന് അറിയില്ല എന്നും അവസാന ലോകകപ്പ് ആയാകും താൻ ഈ ലോകകപ്പിനെ കാണുക എന്നുമായിരുന്നു നെയ്മർ പറഞ്ഞിരുന്നത്.
ഇനി നാലു വർഷം കഴിയുമ്പോൾ ബ്രസീലിനൊപ്പം നെയ്മർ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. താരത്തിന്റെ പരിക്കിന്റെ റെക്കോർഡും നെയ്മറിന് അനുകൂലമല്ല. എങ്കിലും നെയ്മർ ഒരിക്കൽ കൂടെ മഞ്ഞ ജേഴ്സിയിൽ ലോകകപ്പിനായി പോരാടാൻ വരുമെന്ന് ബ്രസീൽ ആരാധകർ പ്രതീക്ഷിക്കുന്നു.
ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമായിട്ട് കൂടി ബ്രസീലിന് ക്വാർട്ടർ കടക്കാൻ ആയില്ല എന്നതിന്റെ പഴി നെയ്മറിലേക്ക് എന്തായാലും വരില്ല. ഈ ലോകകപ്പിൽ നെയ്മർ കളത്തിൽ ഉള്ളപ്പോൾ എല്ലാം ബ്രസീൽ ടീമിൽ ആ സാന്നിധ്യം കാണാൻ ആയിട്ടുണ്ട്.