ഇനി തർക്കങ്ങൾക്ക് പ്രാധാന്യമില്ല. ശരിക്കും പറഞ്ഞാൽ തർക്കങ്ങൾ അവസാനിപ്പിക്കേണ്ട സമയമായി. GOAT ആരാണെന്ന് ചോദിച്ചൽ ഇനി ഒരുത്തരമേ ഉള്ളൂ. അത് മെസ്സി എന്നാണ്. ഇത്രകാലവും മെസ്സിയെ എല്ലാവരും സംശയിച്ചിരുന്നത് മെസ്സിക്ക് സ്വന്തമായി ഒരു ലോകകപ്പ് ഇല്ല എന്നത് കൊണ്ടായിരുന്നു. നേരത്തെ അന്താരാഷ്ട്ര കിരീടം ഇല്ല എന്നായിരുന്നു. മെസ്സി കോപ അമേരിക്ക കിരീടം നേടിയപ്പോൾ മുതലാണ് ലോകകപ്പ് ഇല്ല എന്ന വിമർശനത്തിലേക്ക് എത്തിയത്.
എന്നാൽ ഇനി ഒന്നും ആർക്കും പറയാൻ ആകില്ല. ഇന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തി ലയണൽ മെസ്സിയും അർജന്റീനയും ലോക കിരീടം ഉയർത്തിയതോടെ മെസ്സിക്ക് ഇനി ഈ ലോകത്ത് നേടാൻ ഒരു കിരീടവും ബാക്കി ഇല്ലാതായി. ക്ലബ് ഫുട്ബോളിലെ എല്ലാ കിരീടവും നേടുയ മെസ്സി ഇപ്പോൾ തന്റെ രാജ്യത്തിനായും തനിക്ക് നേടാൻ ആകുന്ന എല്ലാ കിരീടങ്ങളും നേടി കഴിഞ്ഞു.
2014ൽ തനിക്ക് നഷ്ടപ്പെട്ട ആ സുവർണ്ണ കിരീടത്തിലേക്ക് ഇത്തവണ മെസ്സി തന്നെയാണ് അർജന്റീനയെ മുന്നിൽ നിന്ന് നയിച്ചത്. ഗോളുകളും അസിസ്റ്റുകളുമായി മെസ്സി ഖത്തറിൽ ഒരു നായകനായി തന്നെ മാറി. ഏഴ് ഗോളുകളുമായി മെസ്സി ഇതിഹാസം രചിക്കുന്നത് കാണാൻ ഏവർക്കും ആയി.
ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യോട് ഏറ്റ ഞെട്ടിക്കുന്ന പരാജയം പലരും അർജന്റീനയെ എഴുതി തള്ളാൻ കാരണം ആയെങ്കിൽ മെസ്സി അന്ന് ആ മത്സര ശേഷം ആരാധകർക്ക് നൽകിയ വാക്ക് പാലിക്കുകയാണ് ചെയ്തത്. തങ്ങളുടെ ആരാധകരെ ഇനി തങ്ങൾ നിരാശപ്പെടുത്തില്ല എന്ന ഉറപ്പ്. ആദ്യ മത്സരത്തിനു ശേഷം നടന്ന ഇന്നത്തെ ഫൈനൽ ഉൾപ്പെടെ എല്ലാ മത്സരങ്ങളും അർജന്റീനക്ക് ഫൈനൽ ആയിരുന്നു. ആ ഫൈനലുകൾ എല്ലാം ജയിക്കാനും അർജന്റീനക്കായത് മെസ്സിയുടെ മികവിൽ ആയിരുന്നു. എല്ലാ റൗണ്ടിലും മെസ്സിയുടെ സംഭാവനകൾ ഉണ്ടായി. പ്രീക്വാർട്ടറിലും ക്വാർട്ടറിലും സെമിയിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമായി മെസ്സി മാറുന്നതും ഖത്തറിൽ കാണാൻ ആയി.