ഇന്ന് കണ്ട ലോകകപ്പ് ഫൈനൽ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ തന്നെ മികച്ച ഫൈനലിൽ ഒന്നായി എന്നും വാഴ്ത്തപ്പെടും. ഇന്നത്തെ ഫൈനലിന്റെ സങ്കടം എംബപ്പെയെ ഓർത്ത് മാത്രമാകും. മത്സരം ഫ്രാൻസിന് കൈവിട്ടു പോയി എന്ന് തോന്നിച്ചപ്പോൾ എല്ലാം രക്ഷനായി എത്തിയത് എംബപ്പെ ആയിരുന്നു. 80 ആം മിനുട്ടിലും 81ആം മിനുട്ടിലും ഗോൾ നേടി ഫ്രാൻസിന് സമനില നേടിക്കൊടുത്തപ്പോൾ എംബപ്പെയെ ഓർത്ത് ഫുട്ബോൾ ലോകം തന്നെ അഭിമാനിച്ചു.
എംബപ്പെ നേടിയ ആ രണ്ടാം ഗോൾ അദ്ദേഹത്തിന്റെ മികവിന് അടിവരയിടുന്ന ഗോളായിരുന്നു. പിന്നീട് എക്സ്ട്രാ ടൈമിൽ മെസ്സി അർജന്റീനക്ക് വീണ്ടും ലീഡ് നൽകിയപ്പോഴും എംബപ്പെ തന്നെ ഫ്രാൻസിന് പ്രതീക്ഷ നൽകി. ലോകകപ്പിന്റെ ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി എംബപ്പെ മാറിയ നിമിഷം.
ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായും എംബപ്പെ ഇന്നത്തെ മൂന്ന് ഗോളുകളോടെ മാറി. രണ്ട് ലോകകപ്പ് ഫൈനലുകളിൽ നിന്നായി 4 ഗോളുകൾ എംബപ്പെ നേടി കഴിഞ്ഞു. 23 കാരന് മുന്നിൽ ഇനിയും എത്രയോ ലോകകപ്പുകൾ മുന്നിൽ ഇരിക്കുന്നു.
ഒരു ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും ടീം വിജയിച്ചില്ല എന്നത് എംബപ്പെക്ക് നൽകുന്ന വേദന ചെറുതാകില്ല. എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയെങ്കിലും കിരീടം നേടാൻ ആവാത്തത് എംബപ്പെക്ക് വലിയ നിരാശ നൽകും.