ഖത്തർ 2022 വേൾഡ് കപ്പ് ഫൈനലിൽ, പെനാൽറ്റി ഷൂട്ട് ഔട്ടിൽ, ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ട് അർജന്റീന ചാമ്പ്യന്മാരായി. കളി കണ്ടിരുന്ന എല്ലാവരുടെയും കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞു. മെസ്സിയെ മിശിഹായായി വാഴ്ത്തപ്പെട്ട നിമിഷങ്ങളിൽ മറഡോണ മറ്റൊരു ലോകത്ത് തുള്ളിച്ചാടുന്നുണ്ടാകും.
കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കരിമരുന്നു കൊണ്ട് ആകാശം വർണ്ണാഭമായി. എമ്പാപ്പേ എന്ന ഒറ്റയാൾ പട്ടാളം കാരണം വിജയം റെഗുലേഷൻ സമയം കഴിഞ്ഞു, എക്സ്ട്ര ടൈമിലേക്ക് നീങ്ങിയെങ്കിലും, അവിടെയും എമ്പാപ്പേ തന്നെ അർജന്റീനയെ തടഞ്ഞു നിറുത്തി. പെനാൽറ്റിയിൽ വീണ്ടും എമ്പാപ്പേ സ്‌കോർ ചെയ്ത് തുടങ്ങിയെങ്കിലും, പ്രഷർ ഗെയിമിൽ കൂടെയുള്ളവർക്ക് വേണ്ട രീതിയിൽ ഒപ്പം നിൽക്കാൻ സാധിച്ചില്ല.
36 വർഷങ്ങൾക്ക് ശേഷം വീണ്ടും ലോക കപ്പിൽ അർജന്റീന മുത്തമിടുമ്പോൾ, അത് മെസ്സിക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ ഫലം കൂടിയാകും. ഒരു കളിക്കാരന് വേണ്ടി ചരിത്രത്തിൽ ഇത്രയും അധികം ജനങ്ങൾ ഒന്നിച്ചു ഒരു ട്രോഫി ആഗ്രഹിച്ചിട്ടുണ്ടാകില്ല, ആ കളിക്കാരന്റെ കൈകളിൽ എത്താത്ത ഒരു കപ്പിനായി ഇത്രയധികം കാത്തിരിന്നിട്ടുണ്ടാകില്ല.
ഖത്തർ 2022 പല കാരണങ്ങൾ കൊണ്ടും ചരിത്രത്തിൽ ഇടംപിടിച്ചെങ്കിലും, ഇനിയുള്ള കാലത്ത് അറിയപ്പെടുക മെസ്സി കപ്പ് ഉയർത്തിയ വേൾഡ് കപ്പ് ആയിട്ടാകും. കാരണം ഇത്രയധികം ജനങ്ങൾ ഒരു ടീമിന് വേണ്ടിയും ഇതിന് മുമ്പൊരിക്കലും പിന്തുണ നല്കിയിട്ടുണ്ടാകില്ല. മെസ്സിക്ക് ഏറ്റവും കൂടുതൽ ആരാധകരായുള്ള മലയാളികൾ കൂടുതലായി നേരിട്ട് കളി കണ്ട ഈ വേൾഡ് കപ്പിൽ ഇത് സംഭവിച്ചത് കേരളീയരുടെ സുകൃതമായിരിക്കും.