അണ്ടർ 20 ലോകകപ്പിൽ നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ കൊറൊയൻ യുവനിര സെമി ഫൈനലിൽ. ഇന്നലെ നടന്ന അവസാന ക്വാർട്ടർ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ സെനഗലിനെ തോൽപ്പിച്ചാണ് കൊറിയ സെമിയിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കൊറിയയുടെ വിജയം. രണ്ട് ഇഞ്ച്വറി ടൈം ഗോളുകളാണ് കളി ആദ്യം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിലേക്കും എത്തിച്ചത്.
കളിയുടെ ആദ്യ പകുതിയിൽ ഡിയാഗ്നയിലൂടെ സെനഗൽ മുന്നിൽ എത്തിയതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ വഴങ്ങിയ ഒരു പെനാൾട്ടി സെനഗലിന്റെ ലീഡ് ഇല്ലാതെയാക്കി. കൊറിയൻ താരത്തെ ബോൾ ഇല്ലാത്തപ്പോൾ തള്ളിയിട്ടതിനാണ് പെനാൾട്ടി ലഭിച്ചത്. കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ലീ കൊറിയയെ ഒപ്പം എത്തിച്ചു. എന്നാൽ മറ്റൊരു പെനാൽറ്റി സെനഗലിന് ഉടൻ തന്നെ ലീഡ് തിരികെ നൽകി. 76ആം മിനുട്ടിൽ നിയാന് ആണ് സെനഗലിന് വേണ്ടി പെനാൾട്ടി സ്കോർ ചെയ്തു കൊണ്ട് 2-1ന്റെ ലീഡ് നൽകിയത്.
മത്സരത്തിന് 8 മിനുട്ട് ഇഞ്ച്വറി ടൈമാണ് ലഭിച്ചത്. ആ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ ഗോൾ നേടിക്കൊണ്ട് കൊറിയൻ ഡിഫൻഡർ ലീ ജി സോൾ കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു. എക്സ്ട്രാ ടൈമിൽ ചോയുടെ ഗോളിൽ കൊറിയ 3-2ന് മുന്നിൽ എത്തുകയും ചെയ്തും. കൊറിയ വിജയം ഉറപ്പിച്ചു എന്ന് തോന്നിയ സമയത്ത് കളിയുടെ 122ആം മിനുട്ടിൽ സെനഗൽ സിസ്സിലൂടെ സമനില നേടി. സ്കോർ 3-3. കളി പെനാൾട്ടിയിൽ.
പെനാൾട്ടി ഷൂട്ടൗട്ടിൽ 3-2ന്റെ വിജയം നേടി കൊറിയ സെമിയിലേക്ക്. സെമിയിൽ ഇക്വഡോറിനെ ആകും കൊറിയ നേരിടുക.