ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനിക്ക് പിന്നാലെ സ്പെയിനിനെയും ജപ്പാൻ അട്ടിമറിക്കുമ്പോൾ സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവമായ കാര്യങ്ങളിൽ ഒന്നാണ്. സ്പെയിനിന് എതിരായ മത്സരത്തിൽ വെറും 17.7% ശതമാനം സമയം മാത്രമെ ജപ്പാന്റെ കാലിൽ പന്ത് ഉണ്ടായിരുന്നുള്ളു. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു ടീം ഏറ്റവും കുറവ് പൊസഷനും ആയി മത്സരം പൂർത്തിയാക്കുന്നതും ഈ മത്സരത്തിൽ ആണ്. ലോകകപ്പ് ചരിത്രത്തിൽ 1966 ൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയ ശേഷം 700 ൽ അധികം പാസുകൾ നൽകിയ ശേഷം രണ്ടേ രണ്ടു തവണ മാത്രം ആണ് ആ ടീമുകൾ മത്സരത്തിൽ പരാജയപ്പെട്ടത്.
അത് രണ്ടും ഈ ലോകകപ്പിൽ ജപ്പാന് മുന്നിൽ കീഴടങ്ങിയ ജർമ്മനി, സ്‌പെയിൻ ടീമുകൾ ആയിരുന്നു എന്നത് ആണ് മറ്റൊരു പ്രത്യേകത. ആദ്യ പകുതിയിൽ പരാജയപ്പെട്ടു നിന്ന ശേഷം തിരിച്ചു വന്നു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങൾ ജയിക്കുന്ന മൂന്നാമത്തെ ടീം കൂടിയാണ് ജപ്പാൻ. ഇത് വരെ ജപ്പാന്റെ നാലു ഗോളുകളും നേടിയത് പകരക്കാർ ആണ് എന്ന പ്രത്യേകതയും ഉണ്ട്. പന്ത് കാലിൽ ഇല്ലെങ്കിലും പൊരുതി നിന്നു കാലിൽ കിട്ടുന്ന സമയത്ത് കൗണ്ടർ അറ്റാക്കിലൂടെ അപകടകാരികൾ ആയി ജയം എതിരാളിയിൽ നിന്നു തട്ടിയെടുക്കുക എന്ന ശീലം ആണ് ഇത് വരെ ജപ്പാൻ ഈ ലോകകപ്പിൽ തുടരുന്നത്. പന്ത് കാലിൽ ഇല്ലാതെ നന്നായി കളിക്കുന്ന ജപ്പാൻ വലിയ ടീമുകൾക്ക് മുന്നിൽ വില്ലൻ ആവുന്നത് വെറുതെയല്ല.