ലോകകപ്പിൽ ഇറാന് എതിരെ പകരക്കാരനായി ഇറങ്ങി ആറാം ഗോൾ നേടിയ ശേഷം തലച്ചോറിന് ഗുരുതരമായ ‘സെറബ്രറൽ പ്ലാസി’ എന്ന രോഗം ബാധിച്ച തന്റെ കൊച്ചു ആരാധകനു നൽകിയ വാക്ക് പാലിച്ചു ഇംഗ്ലീഷ് താരം ജാക് ഗ്രീലിഷ്. ഈ വർഷം ആണ് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റി ആരാധകൻ കൂടിയായ 11 കാരനായ ഫിൻലെയെ കാണുന്നത്. സമാന അസുഖമുള്ള തന്റെ സഹോദരിയെ കുറിച്ച് ഗ്രീലിഷ് സംസാരിച്ചത് കേട്ട ഫിൻലെ ഗ്രീലിഷിനു കത്ത് എഴുതിയ ശേഷമാണ് താരം കുട്ടിയെ കണ്ടത്.
തന്റെ സഹോദരിയായ ഹോളിയുടെ സമാന അസുഖമുള്ള കൊച്ചു ആരാധകനെ കണ്ട ഗ്രീലിഷ് അന്ന് അടുത്ത തവണ താൻ ഗോൾ നേടുമ്പോൾ പ്രത്യേക ഡാൻസ് ചെയ്തു ഗോൾ ആഘോഷിക്കും എന്നു ആരാധകനു വാക്ക് നൽകുക ആയിരുന്നു. അന്ന് ആദ്യം ഹിപ് ഹോപ്പ് ഡാൻസ് ആയ വോം ചെയ്യണം എന്ന് ആവശ്യപ്പെട്ട ഫിൻലെ പിന്നീട് പരിക്ക് പറ്റാൻ സാധ്യത കുറവുള്ള കൈകൾ ചലിപ്പിച്ചുള്ള ഡാൻസ് ഗ്രീലിഷിനോട് ആവശ്യപ്പെടുക ആയിരുന്നു. ഒടുവിൽ ഇറാന് എതിരെ ഗോൾ നേടിയപ്പോൾ തന്റെ കൊച്ചു ആരാധകനു നൽകിയ വാക്ക് ഓർത്ത ഇംഗ്ലീഷ് താരം ഡാൻസ് ചെയ്തു തന്റെ വാക്ക് പാലിക്കുക ആയിരുന്നു.