ഇന്ത്യ ഇന്ന് ഏഷ്യൻ ചാമ്പ്യന്മാർക്കെതിരെ, പൊരുതാൻ ഉറച്ച് സ്റ്റിമാചിന്റെ സംഘം!!

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരമാണ്. ദോഹയിലെ ജസിം ബിൻ അഹമ്മദ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യക്ക് എതിരാളികളായുള്ളത് ഖത്തർ ആണ്. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ചെറിയ പരീക്ഷണമല്ല ഇത്. ആദ്യ മത്സരത്തിൽ ഒമാനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് വിജയം സ്വപ്നം മാത്രമാണ്. ഇന്ത്യയെക്കാൾ ഏറെ കരുത്തരാണ് ഇപ്പോൾ ഖത്തർ.

കഴിഞ്ഞ മത്സരത്തിൽ ഖത്തർ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്. ഹാട്രിക്കുമായി അൽമോസ് അലിയും തിളങ്ങിയിരുന്നു. അൽമോസ് അലിയെയും ഖത്തറിന്റെ അറ്റാക്കിംഗ് സംഘത്തെയും നേരിടാൻ ഇന്ത്യൻ ഡിഫൻസിന് നന്നായി വിയർപ്പ് ഒഴുക്കേണ്ടി വരും. ഒപ്പം ഇന്ത്യൻ ക്യാപ്റ്റൻ സുനുൽ ഛേത്രി ഇന്ന് ഉണ്ടാകില്ല എന്നതും ഇന്ത്യക്ക് പ്രശ്നമാണ്.

ഇത്ര വലിയ മത്സരത്തിൽ ഛേത്രിയുടെ പരിചയസമ്പത്ത് ഒപ്പം ഉണ്ടാകില്ല എന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഛേത്രിയുടെ അഭാവത്തിൽ മൻവീറോ ബൽവന്തോ ആകും സ്ട്രൈക്കറിന്റെ ചുമതലയേൽക്കുക. ആശിഖും ഉദാന്തയും ഇന്നും ആദ്യ ഇലവനിൽ ഉണ്ടാകും. മധ്യനിരയിൽ സഹൽ എത്തുമോ എന്നത് സംശയമാണ്. ഒമാനെതിരെ ആദ്യ പകുതിയിൽ മികച്ചു നിന്ന ശേഷം രണ്ടാം പകുതിയിൽ ഇന്ത്യ തകരുകയായിരുന്നു. ഇന്ന് ഇന്ത്യക്ക് കളിയിൽ ഉടനീളം മികച്ചു നിന്നാലെ ഒരു നല്ല റിസൾട്ട് സ്വന്തമാക്കാൻ ആവുകയുള്ളൂ.

ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക. ഹോട്സ്റ്റാറിൽ ഇന്ന് മത്സരം തത്സമയം ഉണ്ടാകില്ല.