ഇന്ന് ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഖത്തറിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കണം എങ്കിൽ ഗ്രൂപ്പിൽ മൂന്നാമതെങ്കിലും ഫിനിഷ് ചെയ്യേണ്ടതുണ്ട്.
ഇപ്പോൾ ഇന്ത്യ 6 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ്. അഫ്ഗാനിസ്താന് അഞ്ചു പോയിന്റാണ് ഉള്ളത്. ഇന്ന് പരാജയപ്പെടാതെ ഇരുന്നാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്യുകയും ഏഷ്യൻ കപ്പ് യോഗ്യത എന്ന ലക്ഷ്യത്തിൽ മുന്നോട്ട് പോവുകയും ചെയ്യാം. അഫ്ഗാൻ ജയിക്കുക ആണെങ്കിൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത പ്രതീക്ഷയ്ക്കും തിരിച്ചടിയാകും.
അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയുടെ 11 മത്സരങ്ങൾക്ക് ശേഷമുള്ള വിജയമായിരുന്നു ഇത്. എന്നാൽ അഫ്ഗാൻ ബംഗ്ലാദേശിനെക്കാൾ മെച്ചപ്പെട്ട ടീമാണ് എന്നതു കൊണ്ട് തന്നെ കാര്യങ്ങൾ ഇന്ത്യക്ക് അത്ര എളുപ്പമാകില്ല. ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ തന്നെയാകും ഇന്ത്യയുടെ ഇന്നത്തെയും പ്രതീക്ഷ. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ നെറ്റ്വർക്കിൽ കാണാം.