മെല്ലെ തുടങ്ങി വെടിക്കെട്ടായ അവസാനം!! ഫ്രാൻസ് ലോകം അർഹിച്ച ചാമ്പ്യന്മാർ

- Advertisement -

ഫ്രാൻസിന് യൂറോ കപ്പ് ഫൈനലിൽ സംഭവിച്ചത് ആര് മറന്നാലും മറാക്കാതിരുന്നത് ഫ്രാൻസ് ആയിരുന്നു. അന്ന് ഫൈനലിൽ ആത്മവിശ്വാസം കൂടിയതിന്റെ ഫലമായിരുന്നു പോർച്ചുഗലിനോടേറ്റ പരാജയം. അതുകൊണ്ട് തന്നെ ഇത്തവണ കരുതലോടെയല്ലാതെ ദെസ്ചാമ്പ്സും സംഘവും ഒരു അടിയും വെച്ചിട്ടില്ല. ഇന്ന് ഫൈനലിൽ കരുതലോടെ ആണെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഫ്രാൻസ് കാഴ്ചവെച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, പെറു എന്നിവരടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ഫ്രാൻസ്. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ആയിരുന്നു എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ തരക്കേടില്ലാത്ത പ്രകടനം മാത്രമെ ഫ്രാൻസിൽ നിന്ന് കണ്ടുള്ളൂ. ഓസ്ട്രേലിയയെയും പെറുവിനെയും കഷ്ടിച്ച് പരാജയപ്പെടുത്തിയവർ ഡെന്മാർക്കിനോട് സമനില വഴങ്ങുകയും ചെയ്തു.

പ്രീക്വാർട്ടറിൽ എത്തിയതോടെ ഫ്രാൻസ് കുറച്ചു കൂറ്റെ മെച്ചപ്പെട്ടു. മെസ്സിയുടെ അർജന്റീനയെ ഈ ലോകകപ്പിലെ മികച്ച മത്സരങ്ങളിൽ ഒന്നിൽ 4-3 എന്ന സ്കോറിന് ഫ്രാൻസ് തോൽപ്പിച്ചു.. രണ്ട് ഗോളുകളും ഒപ്പം ആദ്യ ഗോളിന് കാരണമായ പെനാൾട്ടി നേടുകൊടുത്തും എമ്പാപ്പെ ആയിരുന്നു അന്ന് താരമായത്.

ക്വാർട്ടറിൽ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫൻസുമായി വന്ന ഉറുഗ്വേയെയും ഫ്രാൻസ് ക്വാർട്ടറിൽ വീഴ്ത്തി. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസ് ജയിച്ചത്. വരാനെയുടെ ഒരു ഹെഡറും, ഉറുഗ്വേ കീപ്പർ മുസലെരെയുടെ അബദ്ധം കാരണം വലയിലായ ഗ്രീസ്മന്റെ ഷോട്ടുമായിരുന്നു അന്ന് കളി ഫ്രാൻസിന് അനുകൂലമാക്കിയത്.

സെമിയിൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ആക്രമണ നിരയായ ബെൽജിയത്തെയും ഫ്രാൻസ് പിടിച്ചുകെട്ടി. ഉംറ്റിറ്റിയുടെ ഒരൊറ്റ ഹെഡറിൽ ഫ്രാൻസ് ഫൈനലിലേക്കും കടന്നു. അപ്പോഴെല്ലാം ഒരു ചാമ്പ്യൻ പ്രകടനം ബാക്കിയായിരുന്നു. അത് ഫൈനലിനായി മാറ്റി വെക്കുകയായിരുന്നു ഫ്രാൻസ്. 4-2ന്റെ ജയം. 1998ൽ ഫ്രാൻസ് ഫൈനലിൽ അടിച്ച മൂന്നു ഗോളിന് ശേഷം ആദ്യമായാണ് ഒരു ടീം ഫൈനലിൽ മൂന്ന് ഗോളടിക്കുന്നത്. ടൂർണമെന്റിൽ ഫേവറിറ്റുകളായി വന്ന മിക്കവരും നാണക്കേടുമായി തിരിച്ചുപോയ റഷ്യയിലാണ് ഒരിക്കൽ പോലും പതറാതെ ഫ്രഞ്ച് കിരീടം പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement