ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ വെയിൽസ് സ്വപ്നം കാണുന്നത് വലിയ അത്ഭുതങ്ങൾ. ഇറാനോടേറ്റ തോൽവി ടീമിന്റെ വെയിൽസിന്റെ മുന്നോട്ടുള്ള വഴി കഠിനമാക്കിയിരിക്കുകയാണ്. സ്വന്തം മത്സര ഫലം മാത്രമല്ല, ഇറാൻ – അമേരിക്ക മത്സരത്തിന്റെ ഫലത്തെയും ആശ്രയിച്ചു വേണം വെയിൽസിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രതീക്ഷകൾ. ഇംഗ്ലണ്ട് ആവട്ടെ വലിയ തോൽവി ഒഴിവാക്കിയാൽ മാത്രം മതി ഗ്രൂപ്പിൽ നിന്നും പുറത്തു കടക്കാൻ എന്നതിനാൽ വലിയ സമ്മർദങ്ങൾ കൂടാതെയാവും മത്സരത്തിന് ഇറങ്ങുക.
മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ മുന്നോട്ടു പോകാനുള്ള വഴി ഉണ്ടെങ്കിലും ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർക്കുക എന്ന ബാലികേറാമലയാണ് ബെയിലിനും സംഘത്തിനും മുന്നിൽ ഉള്ളത്. ഇത് ഏകദേശം അപ്രാപ്യമാണെന്നിരിക്കെ ഇറാൻ അമേരിക്ക പോരാട്ടം സമനില ആവുന്നതിനാണ് വെയിൽസ് പ്രാർത്ഥിക്കുന്നത്. എങ്കിൽ ഇംഗ്ലണ്ടിന് മുകളിൽ ഒരു അട്ടിമറി വിജയം നേടിയാൽ അറുപതിനാല് വർഷത്തിന് ശേഷം യോഗ്യത നേടിയ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ വെയിൽസിനാവും.
ഇംഗ്ലണ്ട് ആവട്ടെ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയി തന്നെ മാറാൻ വിജയം തന്നെയാവും ലക്ഷ്യം വെക്കുന്നത്. എന്നാൽ അമേരിക്കക്കെതിരായ മോശം പ്രകടനത്തിൽ നിന്നും ടീമിനെ പുറത്തേക്ക് കൊണ്ടു വരേണ്ട കടമ സൗത്ത്ഗെറ്റിനുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തുടർന്ന ആദ്യ ഇലവനിൽ വെയിൽസിനെതിരെ മാറ്റങ്ങൾ ഉണ്ടായേക്കും. സമനില പോലും അടുത്ത ഘട്ടത്തിൽ നേതർലന്റ്സിനെ എതിരാളികൾ ആയി എത്തിച്ചേക്കും എന്നതിനാൽ വലിയ വിട്ടു വീഴ്ചകൾക്ക് ഇംഗ്ലണ്ട് തയ്യാറാവുകയും ഇല്ല. ഇത് വെയിൽസിന്റെ വഴി വീണ്ടും ദുർഘടമാക്കും.
ഇന്ത്യൻ സമയം ബുധനാഴ്ച്ച പുലർച്ചെ 12.30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.