കരുത്തറിയിക്കാൻ ഇറാൻ, കിരീടം എന്ന സ്വപ്നവുമായി ഇംഗ്ലണ്ട് | ഖത്തർ ലോകകപ്പ്

Nihal Basheer

Picsart 22 11 20 23 44 59 058
Download the Fanport app now!
Appstore Badge
Google Play Badge 1

പതിവ് പോലെ കിരീട പ്രതീക്ഷകളും വമ്പൻ താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ടിന് ലോകകപ്പ് ടൂർണമെന്റിലെ ആദ്യമത്സരത്തിൽ എതിരാളികൾ ഇറാൻ. ഇത്തവണ ലോകകപ്പിനുള്ള ഏഷ്യൻ ടീമുകളിൽ ഉയർന്ന റാങ്കുമായിട്ടാണ് ഇറാൻ ഖത്തറിലേക്ക് എത്തുന്നത്. കൂടാതെ ടീമിനെ അടിമുടി അറിയുന്ന മുൻ പരിശീലകൻ കാർലോസ് കുയ്റോസ് കൂടി തിരിച്ചെത്തിയതോടെ ഇരട്ടി ആത്മവിശ്വാസത്തോടെയാണ് ഇറാൻ ഇത്തവണ കളത്തിൽ ഇറങ്ങുന്നത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഇന്ത്യൻ സമയം 6.30നാണ് പന്തുരുണ്ടു തുടങ്ങുക.

ലോകകപ്പ് 22 11 20 23 45 11 392

എല്ലാത്തവണയും എന്ന പോലെ വമ്പൻ താരങ്ങൾക്ക് ഇത്തവണയും ഇംഗ്ലണ്ട് ടീമിൽ ഒരു കുറവും ഇല്ല. ഗോളടി വീരൻ ഹാരി കെയ്‌നിൽ തുടങ്ങുന്ന ടീമിൽ, ബുകയോ സാക, സ്റ്റർലിങ്, ഫിൽ ഫോഡൻ, ഗ്രീലിഷ്, റഷ്ഫോഡ് എന്നിവർ അടങ്ങിയ മുൻനിരക്ക് കരുത്തു പകരാൻ മാഡിസനും ഡെക്ലാൻ റൈസും മേസൻ മൗണ്ടും അടങ്ങിയ മധ്യനിരക്ക് കഴിയും. ഇതിലേക്ക് കളി മെനയാനും ഗോളടിക്കാനും ഒരുപോലെ വിരുതുള്ള ജൂഡ് ബെല്ലിങ്ഹാം കൂടി ചേരുന്നതോടെ ഇറാനെതിരെ വിജയത്തോടെ തുടങ്ങാൻ കഴിയും എന്ന വിശ്വാസത്തിൽ തന്നെയാണ് ഇംഗ്ലണ്ട്.

വിങ്‌ബാക്കുകളെ ഉപയോഗിക്കുന്ന കോച്ച് സൗത്ത് ഗേറ്റിന് ന്യൂകാസിൽ ക്യാപ്റ്റൻ ട്രിപ്പിയറിന്റെ ഫോമും കാര്യങ്ങൾ എളുപ്പമാക്കും. മാഡിസൻ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നില്ല. പരിക്കിന്റെ ആശങ്കയുള്ള താരം ആദ്യ മത്സരത്തിന് ഇറങ്ങുമോയെന്ന കാര്യം സംശയമാണ്.

20221120 234342

ലോകകപ്പിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച ഏഷ്യൻ ടീമാണ് ഇറാൻ. സൗത്ത്കൊറിയയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമത്തെത്താനും അവർക്കായി. ഈ ഫോം തന്നെയാണ് ഇത്തവണ പ്രതീക്ഷ നൽകുന്നത്. ഏഴു വർഷത്തോളം ടീമിന്റെ പരിശീലകൻ ആയിരുന്ന കുയ്റോസിന്റെ തന്ത്രങ്ങളും കൂടെ “ഇറാനിയൻ മെസ്സി” ലെവർകൂസൻ താരം സർദാർ അസ്‌മോനും അടക്കമുള്ള താരങ്ങളും കൂടി ചേരുമ്പോൾ, വമ്പന്മാരെ വിറപ്പിക്കാം എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇത്തവണ ഇറാൻ ലോകകപ്പിന് എത്തുന്നത്. കറുത്ത കുതിരകൾ ആവാൻ കരുത്തുള്ള ഇറാന്റെ മുൻനിരക്ക് ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരക്ക് മുകളിൽ കാര്യമായ തലവേദന സൃഷ്ടിക്കാൻ കഴിഞ്ഞേക്കും.