ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂണെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ഡാനി ആൽവേസിനെ കളത്തിൽ ഇറക്കും. ഡാനി ആൽവേസിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം ആകും ഇത്. ഇന്ന് കളത്തിൽ ഇറങ്ങുന്നതോടെ 39കാരൻ ബ്രസീലിനായി ലോകകപ്പിൽ കളിക്കുന്ന പ്രായം കൂടിയ താരമായി മാറും. കാമറൂണെതിരെ ബ്രസീൽ ഇലവനിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.
ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനം ബ്രസീൽ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ഡാനി ആൽ വേസിന് ഇത് തന്റെ മൂന്നാം ലോകകപ്പ് ആണ്. എന്നെ സംബന്ധിച്ചിടത്തോളം ബ്രസീൽ ജേഴ്സി ധരിക്കാൻ കഴിയുന്നു എന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട് എന്ന് ആൽവേസ് ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഞാൻ വർഷങ്ങളായി ബ്രസീലിയൻ ടീമിനൊപ്പമുണ്ട് എന്നും ഒരു ലോകകപ്പ് നേടിക്കൊണ്ട് കരിയർ അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം എന്നും ആൽവേസ് പറഞ്ഞു.