ലോകകപ്പിൽ കോസ്റ്ററിക്കയുടെ പരിശീലകൻ ആയിരുന്ന ഓസ്കാർ റാമിറസിന് പുതിയ കരാർ നൽകേണ്ടതില്ലെന്ന് കോസ്റ്റാറിക്ക ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനമാണ് റാമിറസിനു പുതിയ കരാർ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാൻ കാരണം. 2015 മുതൽ കോസ്റ്റാറിക്കയുടെ പരിശീലകനായിരുന്നു റാമിറസ്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും ജയിക്കാതെയാണ് കോസ്റ്റാറിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളിൽ ബ്രസീലിനോടും സെർബിയയോടും തോറ്റ കോസ്റ്റാറിക്ക അവസാന ലീഗ് മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് സമനിലയിൽ ആവുകയും ചെയ്തിരുന്നു. 2014ലെ ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിയ കോസ്റ്റാറിക്കക്ക് ഈ വർഷത്തെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല.
ഓസ്കാർ റാമിറസിന്റെ പിൻഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോസ്റ്റാറിക്ക ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റോഡോൾഫോ വിയ്യലോബോസ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial