മുൻ ജർമ്മൻ താരവും പരിശീലകനും ആയ യുർഗൻ ക്ലിൻസ്മാന്റെ വംശീയത കലർന്ന പരാമർശങ്ങളോട് അതിരൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു ഇറാൻ പരിശീലകൻ കാർലോസ് ക്വുയിറോസ്. ഇറാന്റെ വെയിൽസിന് എതിരായ ചരിത്രവിജയത്തിന് ശേഷം ബിബിസിയിൽ സംസാരിക്കുക ആയിരുന്ന ക്ലിൻസ്മാൻ ഇറാൻ ശാരീരികമായി എതിരാളികളെ നേരിട്ട് ആണ് വിജയം നേടിയത് എന്നും അത് അവരുടെ സംസ്കാരത്തിന്റെ ഭാഗം ആണ് എന്നുമാണ് പറഞ്ഞത്. അത്തരം ഒരു സംസ്കാരം ആണ് മൊസാബിക്, പോർച്ചുഗീസ് പരിശീലകൻ ആയ കാർലോസിന്റെയും എന്നു ആരോപിച്ച ക്ലിൻസ്മാൻ ആക്രമണം ഇറാൻ സംസ്കാരത്തിന്റെ ഭാഗം ആണെന്നും അങ്ങനെ ആണ് അവർ വർഷങ്ങൾ ആയി കളിക്കുന്നത് എന്നും ജർമ്മൻ ഇതിഹാസതാരം പറഞ്ഞിരുന്നു.
ഇറാൻ താരങ്ങൾ റഫറിമാർക്ക് വലിയ സമ്മർദ്ദം ചെലുത്തി തീരുമാനങ്ങൾ അനുകൂലമാക്കുന്നു എന്നും ക്ലിൻസ്മാൻ ആരോപിച്ചിരുന്നു. ഇതിനു എതിരെ അതിരൂക്ഷമായ ഭാഷയിൽ ആണ് ഇറാൻ പരിശീലകൻ മറുപടി നൽകിയത്. ക്ലിൻസ്മാൻ എന്ന താരം കളത്തിൽ നൽകിയത് എത്രത്തോളം ബഹുമാനിച്ചാലും നിങ്ങൾ പറഞ്ഞത് ഇറാൻ സംസ്കാരത്തിനും ഇറാൻ ദേശീയ ടീമിനും തന്റെ താരങ്ങൾക്കും എതിരാണ് എന്നു പറഞ്ഞ കാർലോസ് ക്ലിൻസ്മാന്റെ പരാമർശങ്ങൾ ഫുട്‌ബോളിന് അപമാനം ആണെന്നും തുറന്നടിച്ചു. തന്നെ അറിയാതെ കാർലോസ് എന്നു പേരെടുത്ത് പറഞ്ഞ ക്ലിൻസ്മാനെ യുർഗൻ എന്നു വിളിച്ചു കൊണ്ടാണ് അദ്ദേഹം മറുപടികൾ സാമൂഹിക മാധ്യമങ്ങൾ വഴി നൽകിയത്. തങ്ങളുടെ സത്യസന്ധത ആർക്കും ചോദ്യം ചെയ്യാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.