ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീലും കൊറിയയും തമ്മിൽ ഏറ്റുമുട്ടുകയാണ്. ആദ്യ പകുതി കഴിയുമ്പോൾ ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിൽ ആണ്. ഏഷ്യൻ ടീമിന് സാംബ താളത്തിന് മുന്നിൽ പിടിച്ചു നിൽക്കാനെ ആയില്ല. ബ്രസീൽ ആദ്യ പകുതിയിൽ തന്നെ ക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു എന്ന് പറയാം.
മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ ബ്രസീൽ ലീഡ് എടുത്തു. വലതു വിങ്ങിലൂടെ വന്ന അറ്റാക്ക് റഫീഞ്ഞയിലൂടെ ബാക്ക് പോസ്റ്റിൽ മാർക്ക് ചെയ്യാതെ നിന്ന വിനീഷ്യസിൽ എത്തി. കിനീഷ്യസ് ഗോൾ കീപ്പർക്ക് മുകളിലൂടെ പന്ത് വലയിൽ എത്തിച്ചു. ഇത് ഒരു തുടക്കം മാത്രമായിരുന്നു.
13ആം മിനുട്ടിൽ ബ്രസീലിന് അനുകൂലമായി ഒരു പെനാൾട്ടി. റിച്ചാർലിസൺ നേടിയ പെനാൾട്ടി നെയ്മർ വലയിൽ എത്തിച്ചു. സ്കോർ 2-0. നെയ്മറിന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ.
അടുത്ത ഗോൾ 29ആം മിനുട്ടിൽ. ഇത്തവണ റിച്ചാർലിസൺ ആണ് സ്കോറർ. ഈ ലോകകപ്പ് കണ്ട് മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു ഇത്. റിച്ചാർലിസന്റെ ജഗ്ലിങിൽ തുടങ്ങിയ നീക്കം വൺ ടച്ച് നീക്കങ്ങൾക്ക് ഒടുവിൽ റിച്ചാർലിസണിലൂടെ തന്നെ വലയിൽ. അസിസ്റ്റ് തിയാഗോ സില്വക്കും. സ്കോർ 3-0.
ബ്രസീൽ ദയ കാണിച്ചില്ല. അവർ അടി തുടർന്നു. 36ആം മിനുട്ടിൽ വിനിഷ്വസിന്റെ പാസ് പെനാൾട്ടി ബോക്സിലേക്ക് പാഞ്ഞെത്തിയ പക്വേറ്റയുടെ ബൂട്ടുകളുടെ പ്രഹരം ഏറ്റുവാങ്ങി വലയിൽ. സ്കോർ 4-0.
ഇനി കൊറിയക്ക് ഒരു തിരിച്ചുവരവ് രണ്ടാം പകുതിയിൽ ഉണ്ടാകാനുള്ള സാധ്യത വിദൂരത്തിൽ പോലും ഇല്ല.